അടൂർ: അടൂർ നഗരത്തിൽ സന്ധ്യ കഴിഞ്ഞാൽ സാമുഹിക വിരുദ്ധ ശല്യം രൂക്ഷമാകുന്നതായി പരാതി. അടൂർ കെഎസ് ആർ ടി സി സ്റ്റാൻഡും പരിസരങ്ങളുമാണ് സാമൂഹികവിരുദ്ധരുടെ പ്രധാന താവളമായി മാറിയിരിക്കുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് വീടുകളിലേക്ക് പോകാൻ എത്തിച്ചേരുന്ന സ്ത്രീകൾ ഭയത്തോടെയാണ് ഇവിടേക്ക് എത്തിച്ചേരുന്നത്.
പ്രകാശിക്കാത്ത വഴി വിളക്കുകളാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നവരുടെ മറ്റൊരു പ്രധാന വെല്ലുവിളി. ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകൾ ബസ്‌സ്റ്റാൻഡിൽ ഇറങ്ങി മറ്റ് ബസുകൾക്ക് കാത്തുനിൽക്കുന്ന സ്ഥലം ഇരുട്ടിലാണ്.
ഇതിനിടയിൽ മദ്യപാനികളുടെ ശല്യവും രൂക്ഷമായിരിക്കുകയാണ്. കെ എസ് ആർ ടി സി സർവ്വീസുകൾ നിലവിലെ സാഹചര്യത്തിൽ വളരെ കുറവാണ്. ഇതാണ് ഇവിടേയ്ക്ക് എത്തിചേരുന്ന സ്ത്രികൾ ഉൾപ്പടെയുള്ള യാത്രക്കാർക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
അടൂരിൽ പോലീസ് പെട്രോളിംങ്ങ് ശക്തമാണെങ്കിലും അസമയത്ത് കടവരാന്തകളിലും മറ്റും ഇരിക്കുന്ന സാമൂഹികവിരുദ്ധരെ ശ്രദ്ധിക്കാറില്ല. ഇവർ പോലീസിനെ കാണുമ്പോൾ ഓടിക്കളയുകയാണ് പതിവ് പോലീസ് പോയാൽ ഇവർ വീണ്ടും തിരികെയെത്തുമെന്ന് വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞദിവസം മദ്യപാനികൾ തമ്മിലുണ്ടായ വാക്കു തർക്കം സംഘർഷത്തിലെത്തുകയും രണ്ടുപേർക്കും പരിക്കേൽക്കുകയും ചെയ്തു.
ദിവസംതോറും നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന നഗരത്തിലെ വഴിവിളക്കുകൾ കത്തിക്കാൻ നഗരസഭ ഇതുവരെ കൂട്ടാക്കിയിട്ടില്ല എന്ന് യാത്രക്കാരും വ്യാപാരികളും ആരോപിക്കുന്നു. എന്നാൽ ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും വഴി വിളക്കുകൾ കത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും. പണികൾക്കുള്ള കരാർ തയ്യാറായി കഴിഞ്ഞതായി അടൂർ നഗരസഭ അധികൃതർ പറഞ്ഞു.