അടൂർ: കുടിവെള്ളക്ഷാമം പരിഹരിക്കാൻ റോഡിൽ ഇറക്കിയിരിക്കുന്ന പൈപ്പുകൾ ഉപയോഗശൂന്യമായി കിടന്ന് നശിക്കുന്നു. അടൂർ, പെരിങ്ങനാട്, പള്ളിക്കൽ വില്ലേജുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പുതിയ പൈപ്പുകൾ അഗ്നിശമനേ കേന്ദ്രത്തിനു സമീപം കെപി റോഡിൽ ഇറക്കിയിട്ട് അഞ്ചു വർഷമാകുന്നു.
പൊതുമരാമത്തും ജല അതോറിറ്റിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം മൂലം പൈപ്പുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ ഇതുവരെയുമുണ്ടായില്ല. പൈപ്പുകളിൽ പുല്ലും കാടും വളർന്ന് കയറി ഇഴ ജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി. ഇഴജന്തുക്കളെ ഭയന്ന് ഇതിനു സമീപത്തുകൂടി പോകാൻ വഴി യാത്രക്കാർ ഭയപ്പെടുന്നു.
പൈപ്പ് റോഡിലേക്ക് ഇറക്കി ഇട്ടിരിക്കുന്നതിനാലും ഒരാൾ പൊക്കത്തിൽ ഉയരത്തിൽ കാടു കയറി കിടക്കുന്നതിനാലും യാത്രക്കാർക്ക് എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങൾ കാണാനാകുന്നില്ല. അപകടകരമായ രീതിയിൽ പൈപ്പുകൾ റോഡിൽ ഇറക്കി ഇട്ടിരിക്കുന്നതിനെതിരെ യാത്രക്കാർ പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.