അടൂര്‍ : സംവരണ മണ്ഡലമായ അടൂരും യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയാകുവാന്‍ നിരവധിപേര്‍ രംഗത്തുണ്ട്. മുന്‍ മന്ത്രി പന്തളം സുധാകരന്റെ സഹോദരന്‍ പ്രതാപന്‍ പന്തളം, കോണ്‍ഗ്രസ് നേതാവ് ബാബു ദിവാകരന്‍, ഇപ്പോഴത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്‍, കേരളാ കാക്കാല സര്‍വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി വിനോദ് മോഹന്‍, എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.
സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ യുവജനങ്ങള്‍ക്ക് മുന്‍തൂക്കം ലഭിച്ചാല്‍ ബാബു ദിവാകരനും പ്രതാപന്‍ പന്തളവും മാറിനില്‍ക്കേണ്ടി വരും. അങ്ങനെവന്നാല്‍ എം.ജി കണ്ണനും വിനോദ് മോഹനും സാധ്യതയേറും. ചര്‍ച്ചയില്‍ ഒന്നാമത് നില്‍ക്കുന്നത് എം.ജി കണ്ണന്റെ പേരുതന്നെയാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന പദവിയും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ഏതെങ്കിലും സാഹചര്യത്തില്‍ ഇതിന് മാറ്റം ഉണ്ടായാല്‍ വിനോദ് മോഹന് സാധ്യത തെളിയും.
മണ്ഡലത്തിന് പുറത്തുള്ളവരെ വിജയിപ്പിച്ചുവിടുന്ന ചരിത്രമാണ് അടൂരിനുള്ളത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടൂരില്‍ നിന്ന് ജയിച്ചു മന്ത്രിയായതാണ്. അതുകൊണ്ടുതന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഊരും പേരും അടൂര്‍ക്കാര്‍ നോക്കാറില്ല. എല്ലാം കാത്തിരുന്നു കാണാം.