അടൂര്‍: ഏതു ഗ്രാമത്തിലും എന്തൊക്കെ വികസന മുന്നേറ്റം ഉണ്ടായില്ലെങ്കിലും ഒരു പൊതുചന്ത കാണും. ജില്ലയില്‍ സ്വന്തമായി ചന്തയില്ലാത്ത ഗ്രാമം ഏതെന്നു ചോദിച്ചാല്‍ ഒന്നേ കാണൂ ഏനാദിമംഗലം. ഗ്രാമപഞ്ചായത്തായി കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും ഒരു ഗ്രാമത്തില്‍ അത്യാവശ്യമുള്ള പൊതുചന്ത സ്ഥാപിക്കാന്‍ മാറി ഭരിച്ച മുന്നണികള്‍ക്ക് കഴിഞ്ഞില്ല.
പ്രഥമ ഭരണസമിതിക്കു നേതൃത്വം നല്കിയ യു.ഡി.എഫ് മുതല്‍ നിലവിലെ എല്‍.ഡി.എഫ് ഭരണസമിതി വരെ ഇക്കാര്യത്തില്‍ അമ്പേ പരാജയമാണ്. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൻെറ ചുമതലയില്‍ ഇളമണ്ണൂരില്‍ പൊതുചന്ത വേണമെന്ന ആവശ്യം നിറവേറ്റാന്‍ വാര്‍ഷിക ബജറ്റുകളില്‍ പോലും ഇടം കണ്ടെത്താന്‍ ഭരണ നേതൃത്വത്തിന് കഴിഞ്ഞില്ല. ഏനാദിമംഗലം സര്‍വിസ് സഹകരണ ബാങ്ക് ചുമതലയില്‍ 23ാം മൈല്‍ കവലയില്‍ പൊതുചന്ത നാമമാത്രമായി ഞായറാഴ്ചകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഗ്രാമത്തിലെ ഏക ചന്തയും ഇതായിരുന്നു. പക്ഷേ, കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും അല്പമെങ്കിലും പ്രയോജനപ്പെട്ടിരുന്ന ചന്തയുടെ പ്രസക്തി വന്‍കിട തോട്ടങ്ങള്‍ തുണ്ടായി വിഭജിച്ച് വില്പന ചെയ്തതോടെ നഷ്ടമായി.
വ്യാപാരത്തിനും സാധനങ്ങള്‍ വാങ്ങാനും കിലോമീറ്ററുകള്‍ അകലെ പറക്കോട് അനന്തരാമപുരം ചന്തയിലും അടൂര്‍ ശ്രീമൂലം ചന്തയിലും കൊല്ലം ജില്ലയിലെ പത്തനാപുരത്തും ചളിക്കുഴിയിലും പട്ടാഴിയിലുമാണ് ഗ്രാമവാസികള്‍ പോകുന്നത്. ചന്തയുണ്ടെങ്കില്‍ പഞ്ചായത്തിന് നല്ല വരുമാനവുമുണ്ടാകും. നികുതിയിനത്തില്‍ ലഭിക്കുന്ന വരുമാനം മാത്രമാണ് പഞ്ചായത്തിന് നിലവിലുള്ളത്