അടൂര്‍ : കഴിഞ്ഞ തവണത്തെപോലെ ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ വീണ്ടും വിജയം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്‍.ഡി.എഫ്. എന്നാല്‍ ഇപ്രാവശ്യം വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ തങ്ങള്‍ക്ക് തികച്ചും അനുകൂലമാണെന്ന് യു.ഡി.എഫ് ക്യാമ്പ് വിലയിരുത്തുന്നു.
ഇത് വരെ കൂടുതല്‍ തവണയും ഭരണത്തിന് നേതൃത്വം നല്‍കിയത് എല്‍.ഡി.എഫായിരുന്നു . 1995ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേതൃത്വത്തിലാണ് ഭരണസമിതി അധികാരത്തില്‍ വന്നത്. എന്നാല്‍ 98 ല്‍ അവിശ്വാസത്തിലൂടെ യു.ഡി.എഫ് അധികാരം പിടിച്ചടക്കി. 2000ത്തില്‍ വലിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് ഭരണനേതൃത്വത്തിൽ എത്തിയെങ്കിലും 2005ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടി.
2010ലും 2015ലും എല്‍.ഡി.എഫ് വിജയം ആവര്‍ത്തിച്ചു. ആകെ 19 വാര്‍ഡുകളുള്ള ഏഴംകുളത്ത് മാറിമാറി ഭരിച്ച മുന്നണികള്‍ ഗ്രാമത്തില്‍ പറയത്തക്ക അടിസ്ഥാന സൗകര്യം പോലും ചെയ്തില്ല എന്നാണ് വോട്ടര്‍മാരുടെ പരാതി. പൈതൃകസ്വത്തായ കുളങ്ങള്‍പോലും സംരക്ഷിക്കാന്‍ കഴിയാതിരുന്ന ഭരണസമിതികള്‍ക്ക് സൗകര്യപ്രദമായി ഒരു കാര്യാലയം നിര്‍മിക്കാനും കഴിഞ്ഞില്ല. ഇക്കുറിയും സമഗ്ര വികസന വാഗ്ദാനങ്ങളുമായാണ് മുന്നണികള്‍ രംഗത്തെത്തിയിരിക്കുന്നത്.
ആകെ 19 വാര്‍ഡുകളില്‍ ഏഴംകുളം ടൗണ്‍ 20ാം വാര്‍ഡ്, 14, 19 വാര്‍ഡുകളിലാണ് കടുത്ത മത്സരം നടക്കുന്നത് . ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.പി.എമ്മിലെ വിജു രാധാകൃഷ്ണനും മുന്‍ അംഗങ്ങളായ കോണ്‍ഗ്രസിലെ മുളക്കല്‍ വിശ്വനാഥന്‍ നായരും ബി.ജെ.പിയിലെ എസ്. ഷീജയും രംഗത്തുള്ള ത്രികോണ മത്സരവേദിയാണ് ഇവിടം. 2015ല്‍ യു.ഡി.എഫ് വിമതനായി മത്സരിച്ചു വിജയിച്ച് സി.പി.എമ്മിലേക്ക് ചേക്കേറിയ അഡ്വ. എ. താജുദ്ദീനും മുന്‍ അംഗം കോണ്‍ഗ്രസിലെ ജോബോയ് ജോസഫുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. 19ല്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സി.പി.ഐയിലെ ബേബി ലീനയും മുന്‍ അംഗം ലേഖ കുമാരിയുമാണ് മത്സരിക്കുന്നത്.
2015ലെ കക്ഷിനില ആകെ സീറ്റ് 19 സി.പി.എം -ഏഴ് സി.പി.ഐ -നാല് റിബല്‍ -ഒന്ന് കോണ്‍ഗ്രസ് -ആറ് ബി.ജെ.പി -ഒന്ന്.