അടൂർ: ഏഴംകുളം പ്ലാന്റേഷൻമുക്ക് – തേപ്പുപാറ – നെടുമൺകാവ് റോഡ് ഉന്നത നിലവാരത്തിൽപുനർ നിർമ്മിക്കുന്നതിന് നടപടികൾ പൂർത്തിയായ. ഏഴംകുളം,കൊടുമൺ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയാണ്. 9 കിലോമീറ്റർ നീളത്തിൽ ബി എം ആൻഡ് ബി ഡബ്ല്യു സാങ്കേതികവിദ്യയിലാണ് റോഡ് പുനർ നിർമ്മിക്കുന്നത്. പ്ലാന്റേഷൻമുക്കിലെ കെ.ഐ. പി കനാലിന് കുറുകെ 30 മീറ്റർ നീളത്തിൽ പുതിയ പാലം,20 കലുങ്കുകളുടെ പുനർ നിർമ്മാണം തുടങ്ങിയവയാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാന സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ 20 കോടി രൂപ അറ്റകുറ്റപ്പണിക്ക് വകയിരുത്തിയിരുന്നു. റോഡിന്റെ തേപ്പുപാറ മുതൽ കോരുവിള വരെയുള്ള ഭാഗം പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിലാണ്. വനം വകുപ്പിൽ നിന്ന് പ്ലാന്റേഷൻ കോർപ്പേറേഷൻ പാട്ടത്തിനെടുത്ത ഭൂമിയായതിനാൽ വനം വകുപ്പിന്റെ അനുമതിയും വേണായിരുന്നു. ഇത് ലഭിക്കാൻ വന്ന കാലതാമസമാണ് നിർമ്മാണത്തിന് തടസമായത്. 2020 ഫെബ്രുവരി 26 ന് റോഡ് പണിക്ക് പി.ഡബ്ലു.ഡി ഭരണാനുമതി നൽകിയെങ്കിലും വനം വകുപ്പിന്റെ അനുമതി ലഭിച്ചത് ജൂണിലാണ്.