അടൂര്‍ : അടൂര്‍ ജനറല്‍ ആശുപത്രിക്ക് രണ്ട് പുതിയ ആംബുലന്‍സുകള്‍ കൂടി എം.എല്‍.എല്‍ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കി. ആശുപത്രിക്ക് രണ്ട് ആംബുലന്‍സ് വേണമെന്ന ആവശ്യം പരിഗണിച്ച് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ചിലവഴിച്ചാണ് ഒരു എ.സി ആംബുലന്‍സും ഒരു നോണ്‍ എ.സി ആംബുലന്‍സും വാങ്ങിയത്.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ആശുപത്രി സൂപ്രണ്ടിന് താക്കോല്‍ കൈമാറി. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് 5.25 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നടന്നുവരുന്നതെന്നും ട്രോമാ കെയര്‍ യൂണിറ്റ് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു.
അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷനായിരുന്നു. അടൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, നഗരസഭ കൗണ്‍സിലര്‍മാരായ റോണി പാണംതുണ്ടില്‍, വരിയ്‌ക്കോലില്‍ രമേശന്‍, മഹേഷ്‌കുമാര്‍, അനിത, അപ്സര സനല്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എ. പി ജയന്‍, പി. ബി ഹര്‍ഷകുമാര്‍, വര്‍ഗീസ് പേരയില്‍, ആനന്ദന്‍, അഡ്വ.എസ്.മനോജ്, ഏഴംകുളം നൗഷാദ്, കെ.ജി വാസുദേവന്‍, എസ്.അഖില്‍, ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗന്‍, ആര്‍.എം.ഒ ഡോ.നിഷാന്ത്, ഡോ.പ്രശാന്ത്, ഡോ. ശശി തുടങ്ങിയവര്‍ പങ്കെടുത്തു.