അടൂർ : എട്ടാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള നവംബർ 15 മുതൽ 17 വരെ നടക്കും. കേരള ചലച്ചിത്ര അക്കാദമി, അടൂർ നഗരസഭ, സിനിമേറ്റ്സ് ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് മേള നടക്കുന്നത്. ലോകസിനിമ, ഇന്ത്യൻ സിനിമ, പ്രാദേശിക സിനിമ വിഭാഗങ്ങളിലായി 12 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മേളയോടനുബന്ധിച്ചു നടക്കുന്ന ഹ്രസ്വചിത്ര മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാര വിതരണം ചടങ്ങിൽ നടക്കും. ഹ്രസ്വചിത്ര മത്സരത്തിലേക്ക് തിരഞ്ഞെടുത്ത ആറ് ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. 15-ന് വൈകീട്ട് അഞ്ചിന് ഛായാഗ്രാഹകൻ സണ്ണി ജോസഫ് മേള ഉദ്ഘാടനം ചെയ്യും.
16-ന് സിനിമയും സാഹിത്യവും: മാറുന്ന കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ ഓപ്പൺ ഫോറം നടക്കും. 17-ന് വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം തിരകഥാകൃത്തും ചലച്ചിത്ര പ്രവർത്തകനുമായ ദീദി ദാമോദരൻ ഉദ്ഘാടനം ചെയ്യും. സംവിധായകൻ പ്രേം ചന്ദ് പങ്കെടുക്കും. മേളയിൽ പ്രദർശിപ്പിക്കുന്ന എല്ലാ അന്യഭാഷാചിത്രങ്ങളും മലയാളം ഉപശീർഷകങ്ങളോടെയാണ് പ്രദർശിപ്പിക്കുന്നതെന്നും അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചെയർമാൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഫെസ്റ്റിവൽ ഡയക്ടർ ഡോ. ബിജു, ജനറൽ കൺവീനർ സി.സുരേഷ് ബാബു, സെക്രട്ടറി ബി.രാജീവ് എന്നിവർ പറഞ്ഞു. അടൂർ ബോധീഗ്രാം സാംസ്കാരിക കേന്ദ്രത്തിലാണ് ചലച്ചിത്രമേള നടക്കുന്നത്.