അടൂർ : പള്ളിക്കൽ പഞ്ചായത്ത് ഏഴാം വാർഡിൽ ക്വാറന്റൈന്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വിഭാഗം പോലീസിന്റെ സഹായം തേടി.
നിലവിൽ ഇവിടെ പതിനഞ്ചു പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവർ ഇപ്പോൾ സ്വയം നിരീക്ഷണത്തിലാണ്. ആരോഗ്യ വിഭാഗം പ്രവർത്തകരുടെ നിർദ്ദേശങ്ങൾ ഇവർ പാലിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു . കോവിഡ് വ്യാപന സാധ്യത പൂർണമായി ഒഴിവാക്കുന്നതിനാണ് പോലീസ് സഹായം തേടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കോവിഡ് വ്യാപന സാധ്യത മുന്നിൽകണ്ട് വാർഡിലെ കണ്ടെയ്ൻമെന്റ് സോണിന്റെ കാലാവധി ദീർഘിപ്പിക്കണമെന്ന നിർദ്ദേശമാണ് ഉള്ളതെന്ന് പള്ളിക്കൽ ആരോഗ്യ വിഭാഗം പ്രവർത്തകർ പറയുന്നു . ക്വാറന്റൈനിൽ ഉള്ളവരുടെ പ്രദേശം കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് കർശന നിരീക്ഷണം നടത്തുന്നുണ്ട് . പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടെ സ്രവം പരിശോധിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട് . ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 12 പേർ അടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.