അടൂര്‍: മദ്യം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് യുവാവിനെ കാറില്‍ കയറ്റി മര്‍ദിച്ച ശേഷം പണവും മോതിരവും കവര്‍ന്ന സംഭവത്തിലെ പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇളമ്പള്ളില്‍ തെങ്ങിനാല്‍ കടുവിനാല്‍ ബിജു വര്‍ഗീസിന്റെ പരാതിയില്‍ കൊടുമണ്‍ ചക്കാലമുക്ക് ഇലവിനാല്‍ ബിപിന്‍ ബാബു (27), കളരിയില്‍ രഞ്‌ജിത്ത് (26), ഏനാദിമംഗലം കുന്നിട ഉഷാ ഭവനത്തില്‍ ഉമേഷ് കൃഷ്‌ണന്‍(31) എന്നിവരെയാണ് ഇന്‍സ്‌പെക്‌ടര്‍ യു. ബിജുവിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ 13 ന് രാത്രി ഏഴരയോടെയാണ് സംഭവം. മദ്യം വാങ്ങാന്‍ ടൗണിലെ ബാറിന് മുന്നില്‍ എത്തിയതായിരുന്നു ബിജു വര്‍ഗീസ്. സമയം കഴിഞ്ഞ് പോയതിനാല്‍ മദ്യം നല്‍കാനാവില്ലെന്ന് ബാറിലെ സെക്യൂരിറ്റി അറിയിച്ചു. ഈ സമയം പുറത്ത് കാറിലുണ്ടായിരുന്ന പ്രതികള്‍ ബിജുവിനെ മദ്യം തരാമെന്ന് പറഞ്ഞ് വിളിച്ച് കാറിൽ കയറ്റി. കാറില്‍ കയറിയ ബിജുവിന് പ്രതികള്‍ മദ്യം കൊടുത്തു. അതിന് ശേഷം കാര്‍ വിട്ടു പോവുകയായിരുന്നു. പോകുന്ന വഴിയില്‍ ഇയാളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തു. കൈയിലുണ്ടായിരുന്ന 2800 രൂപയും സ്വര്‍ണ മോതിരവും ഇതിനിടെ പ്രതികള്‍ കവര്‍ന്നു. കാറിലും നെടുമണിലെ ഒരു വീട്ടിലുമായി മര്‍ദനം തുടര്‍ന്നു. 14 ന് പുലര്‍ച്ചെ മൂന്നിന് ടൗണില്‍ ഇറക്കി വിടുകയായിരുന്നു. ബിജു പരാതി നല്‍കിയെങ്കിലും പോലീസിന് വിശ്വാസ്യത തോന്നിയില്ല. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.
എസ്.ഐ. ബി.എസ്. ശ്രീജിത്ത്, സി.പി.ഓമാരായ ഫിറോസ്, സജി, എബിന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്