അടൂർ : അപകടത്തിൽപ്പെട്ടതും കേസിൽ കുടുങ്ങിയതുമായ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞ് അടൂർ പോലീസ് സ്റ്റേഷൻ. ഇത്തരം വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ പോലീസ് സ്റ്റേഷൻ വളപ്പിലാണ് ഇവ ഇടുന്നത്. ഇടയ്ക്കിടെ വാഹനങ്ങൾ ആക്രിയായി നീക്കംചെയ്യാറുണ്ട്. ഇപ്പോൾ കിടക്കുന്ന പഴയ വാഹനങ്ങൾ കൂടി മാറ്റിയാലേ സ്റ്റേഷൻ വളപ്പിൽ സ്ഥലസൗകര്യം ലഭിക്കൂ. ഇതുൾപ്പടെ സ്റ്റേഷൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പലതുണ്ട്. ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥയാണ് മറ്റൊരു പ്രധാനപ്രശ്നം. പഴയ ക്വാർട്ടേഴ്സുകൾ പലതും ഉപയോഗശൂന്യമായി കാടുപിടിച്ചുകിടക്കുകയാണ്. 1984ൽ സ്റ്റേഷൻ നിലവിൽ വന്നപ്പോൾ നിർമ്മിച്ചതാണ് ഇവ. 23 ക്വാർട്ടേർസുകളാണുള്ളത്. വെട്ടുകല്ലും, ചുണ്ണാമ്പും കുമ്മായവും കൊണ്ട് നിർമ്മിച്ച പഴയ കെട്ടിടങ്ങളാണിവ. മിക്കവയും ഏത് സമയവും പൊളിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്.
മിക്ക ദിവസങ്ങളിലും സർക്കാർ, ഇതര പരിപാടികൾ നടക്കുന്ന സ്ഥലമാണ് അടൂർ. എം സി റോഡ് നഗരത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ മിക്ക ദിവസങ്ങളിലും പൈലറ്റ് ഡ്യൂട്ടി ഉണ്ടാകാറുണ്ട്. പൈലറ്റ് ഡ്യൂട്ടിക്ക് ആവശ്യമായ നല്ല വാഹനങ്ങൾ സ്റ്റേഷനിൽ കുറവാണ്. ആകെയുള്ള വാഹനങ്ങളിൽ മിക്കവയും പഴയതാണ്. കൂടുതൽ വാഹനങ്ങൾ അനുവദിക്കേണ്ടത് പ്രവർത്തനങ്ങൾ സുഗമമാക്കാൻ ആവശ്യമാണ്. അടൂർ മുനിസിപ്പാലിറ്റി പരിധിയിൽ ടൗണിനുള്ളിൽ റവന്യൂ ടവറിന് തൊട്ടുപിന്നിലായാണ് പോലീസ് സ്റ്റേഷൻ.