പത്തനംതിട്ട : സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ ഗാന്ധി സേവാഗ്രാമിന്റെ നേതൃത്വത്തിൽ നടത്തിയ യുവജന ദിനാഘോഷം അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികളുടെ വലിയ കുടിയേറ്റം ആശങ്ക ഉണ്ടാക്കുന്നു.യുവാക്കളുടെ കുടിയേറ്റം രാഷ്ട്രീയ വിഷയമായി കാണാതെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സംവിധാനങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. നാടുവിടും മുമ്പേ യുവത്വത്തിന് കൂട് ഒരുക്കാം എന്ന വിഷയത്തിൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി തോമസ് മുഖ്യപ്രഭാഷണം നടത്തി.
മനുഷ്യരെന്ന നിലയിൽ യുവാക്കൾക്ക് ജീവിക്കാനുള്ള സാഹചര്യം കേരളത്തിൽ കുറഞ്ഞുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പസുകൾ മികവിന്റെ കേന്ദ്രങ്ങളായി മാറണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് ഇന്ന് വലിയ പ്രതിസന്ധി നേരിടുകയാണ്. ഗുരുത്വം നഷ്ടപ്പെട്ടതാണ് കുടിയേറ്റം വർധിക്കുവാൻ കാരണം. എല്ലാ വിഭാഗവും ചേർന്നൊരു തൊഴിൽ സംസ്കാരം നടപ്പായെങ്കിൽ മാത്രമേ കുടിയേറ്റം പിടിച്ചുനിർത്താൻ കഴിയുകയുള്ളൂ. പരിസ്ഥിതി വിഷയങ്ങളിൽ ജനങ്ങളുടെ കാഴ്ചപ്പാടുകൾ മാറണം. ഗാന്ധിയൻ ആശയങ്ങളെ തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിക്കേണ്ട സമയമായി.
ചരിത്രം മറക്കാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ഉണ്ട്. ഈ വർഷത്തെ യുവ പ്രതിഭാ പുരസ്കാരത്തിന് അർഹനായ യുവ സാഹിത്യകാരൻ അഭിനാഷ് തുണ്ടുമണ്ണിലിനെ ആദരിച്ചു. ഗാന്ധി സേവാഗ്രാം ചെയർമാൻ അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. ജില്ലയുടെ അഭിമാനമായി മാറിയ മുഹമ്മദ് ഹാമിസ് ഇബ്നു അജ്മൽ, മലാല ലില്ലി എബ്രഹാം, ഹനാൻ റെയ്ച്ചൽ പ്രമോദ്, അനാമിക എച്ച്, സ്നേഹ മറിയം വിൽസൺ, റിജിൻ മാത്യൂസ് ഏബ്രഹാം എന്നിവരെ ചടങ്ങിൽ ആദരിച്ചു. സോണി എം ജോസ്, ഷെബിൻ വി ഷെയ്ഖ്, കാർട്ടൂണിസ്റ്റ് ഷാജി പി എബ്രഹാം, റോബിൻ പരുമല, കെ ജാസിംകുട്ടി, റോസ്‌ലിൻ സന്തോഷ് എന്നിവർ പ്രസംഗിച്ചു.