കോന്നി : കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി റോബിന്‍ പീറ്ററിന്റെ വിജയത്തിനുവേണ്ടി പ്രചാരണ രംഗത്ത് നിറഞ്ഞുനില്‍ക്കുകയാണ് കോന്നിയുടെ പഴയ വികസന നായകന്‍ അഡ്വ.അടൂര്‍ പ്രകാശ്. നിലവില്‍ ആറ്റിങ്ങല്‍ എം.പി കൂടിയായ അടൂര്‍ പ്രകാശിന് അവിടുത്തെ ഏഴു മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തണം. കൂടാതെ തന്റെ പഴയ തട്ടകമായ കോന്നി തിരിച്ചുപിടിക്കുകയും വേണം. ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ വിശ്രമം എന്തെന്ന് അറിയുന്നില്ല. കോന്നിയിലെ മുക്കും മൂലയും കാണാപ്പാഠമാണ് മുന്‍ എം.എല്‍.എക്ക്. അതുപോലെ തങ്ങളെ ഓരോരുത്തരെയും പേരെടുത്തു വിളിക്കുന്ന അടൂര്‍ പ്രകാശിനെ കോന്നിയിലെ ജനങ്ങള്‍ക്കും ജീവനാണ്.
കോന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അടൂര്‍ പ്രകാശിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍കൂടിയായ റോബിന്‍ പീറ്റര്‍ ആണ്. അതുകൊണ്ടുതന്നെ തങ്ങള്‍ റോബിന്‍ പീറ്ററിന് നല്‍കുന്ന ഓരോ വോട്ടും അടൂര്‍ പ്രകാശിനാണെന്ന് ജനങ്ങള്‍ക്കറിയാം. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പത്തനംതിട്ട ജില്ലയില്‍ ഒരു വിമാനത്താവളം വേണമെന്ന അടൂര്‍ പ്രകാശിന്റെ സ്വപ്നം റോബിന്‍ പീറ്ററിലൂടെ നടപ്പാകുമെന്നും കോന്നിക്കാര്‍ ഉറച്ചു വിശ്വസിക്കുന്നു.
കോന്നിയിൽ 23 വർഷക്കാലം താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി, ഭാവിയിലെ കോന്നിക്കുവേണ്ടി താൻ മനസ്സിൽ കരുതിവെച്ചിരുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചും, ഇടതു സർക്കാരിന്റെ പ്രവർത്തന വൈകല്യങ്ങളെ വരച്ചുകാട്ടിയും അടൂർ പ്രകാശ് കോന്നിയിലെ പ്രചാരണ രംഗത്ത് ആവേശമായി മാറിക്കഴിഞ്ഞു.
അടൂര്‍ പ്രകാശ് പങ്കെടുക്കുന്ന കുടുംബസംഗമങ്ങള്‍ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. താൻ നടത്തിവന്ന എല്ലാ വികസന പ്രവർത്തനങ്ങളുടെയും പിന്നിൽ റോബിൻ പീറ്ററിന്റെ സാന്നിധ്യവും പൊതു പ്രവർത്തന രംഗത്തെ റോബിൻ പീറ്ററിന്റെ മികവും വിശദീകരിച്ച് അടൂർ പ്രകാശ് നടത്തുന്ന പ്രചരണ പരിപാടികള്‍ വൻ വിജയമാണ്. ചെറിയ ചെറിയ കുടുംബയോഗങ്ങള്‍ നടത്തി പരമാവധി വോട്ടർമാരെ നേരിൽ കാണുവാനുള്ള ശ്രമത്തിലാണ് അടൂര്‍ പ്രകാശ്. ആറ്റിങ്ങലെ ഏഴ് മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും കോന്നിയിലെ തന്റെ പ്രിയപ്പെട്ടവരുടെ അടുക്കല്‍ ഓടിയെത്തി സ്നേഹം പങ്കുവെക്കാന്‍ അടൂർ പ്രകാശ് സമയം കണ്ടെത്തുന്നു എന്നത് കോന്നിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെപ്പോലും അത്ഭുതപ്പെടുത്തുകയാണ്.
ഇന്ന് നടന്ന വിവിധ യോഗങ്ങളിൽ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, ബ്ലോക്ക് പ്രസിഡണ്ട് എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, പ്രവീൺ പ്ളാവിളയിൽ. ദീനാമ്മ റോയി , ഐവാൻ വകയാർ, പ്രവീൺ കോന്നി തുടങ്ങിയവർ പങ്കെടുത്തു.