തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കു താനുമായി ബന്ധമുണ്ടെന്ന മന്ത്രി ഇ.പി. ജയരാജന്റെ ആരോപണത്തിനു മറുപടിയുമായി അടൂര്‍ പ്രകാശ് എംപി. മന്ത്രി വെറും സിപിഎമ്മുകാരനായാണു സംസാരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
പ്രതികളെ രക്ഷപ്പെടുത്താന്‍ താന്‍ ഇടപെട്ടിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്തെന്നു പ്രാദേശിക നേതാക്കള്‍ പറഞ്ഞാല്‍ ഇടപെടുന്നതു തന്റെ കടമയാണ്. ജയരാജന് കാടടച്ചു വെടിവെയ്ക്കരുത്. ഉന്നയിക്കുന്ന ആരോപണം തെളിയിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹം കാട്ടണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.
സംഭവമുണ്ടായ ശേഷം കൊലയാളികള്‍ ഈ വിവരം അറിയിക്കുന്നത് അടൂര്‍ പ്രകാശിനെയാണെന്നാണ് ജയരാജന് ആരോപിച്ചത്. ലക്ഷ്യം നിര്‍വഹിച്ചുവെന്നാണ് അവര്‍ അടൂര്‍ പ്രകാശിനു കൊടുത്ത സന്ദേശം. അറസ്റ്റിലായ എല്ലാവരും കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോള്‍ ഇതിന്റെ പിന്നില്‍ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.