അടൂര്‍ : താലൂക്ക് തലത്തില്‍ നടത്തുന്ന അദാലത്തുകളിലൂടെ പരാതികള്‍ക്ക് പരിഹാരം കാണുന്നത് പൊതുജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് പി. തോമസ് പറഞ്ഞു. അടൂര്‍ റവന്യൂ ടവറില്‍ നടന്ന റവന്യൂ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ നടത്തുന്നത്. അദാലത്തുകള്‍ വഴി നിരവധി പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ സാധിച്ചുവെന്നും എ.ഡി.എം പറഞ്ഞു.
മുന്‍കൂര്‍ അപേക്ഷ ലഭിച്ച 37 പരാതികളും അദാലത്ത് ദിവസം എത്തിയ 15 പരാതികളും ഉള്‍പ്പെടെ 52 പരാതികളാണ് റവന്യൂ അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 19 പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ള പരാതികള്‍ തുടര്‍ നടപടികള്‍ക്കായി അതത് വകുപ്പുകള്‍ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട പരാതികള്‍, ഭൂമി തര്‍ക്കങ്ങള്‍, റേഷന്‍ കാര്‍ഡ് പരാതികള്‍ എന്നിവ ഒഴികെയുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. അദാലത്തില്‍ ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും വീട് ലഭിക്കുന്നതിനുള്ള അപേക്ഷകളാണ്.
അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി.ടി എബ്രഹാം, തഹസില്‍ദാര്‍ ബീനാ എസ്. ഹനീഫ, അഡീഷണല്‍ തഹസില്‍ദാര്‍ കെ.സതിയമ്മ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോണ്‍ സാം, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.