അടൂര്‍ : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നഗരസഭാ കാര്യാലയത്തിന്റെയും മുനിസിപ്പല്‍ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്സിന്‍റേയും കെട്ടിടം ബൈപാസ് റോഡരികില്‍ നിലവിലുള്ള സ്വകാര്യ ബസ് സ്റ്റാന്‍ഡിന്‍റെ ഭാഗത്തായി ഉയരുന്നു.നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ പൊട്ടിച്ചതോടെയാണ് കെട്ടിട നിര്‍മാണത്തിനുള്ള വഴി തെളിഞ്ഞത്.കുറഞ്ഞ നിരക്കില്‍ ക്വട്ടേഷന്‍ നല്‍കിയ റാന്നിയിലുള്ള സപ്രു കണ്‍സ്ട്രക്‌ഷന്‍ കമ്പനിക്കായിരിക്കും കരാര്‍ നല്‍കുന്നത്.ഇതിനുള്ള തീരുമാനം അടുത്ത ദിവസം നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ എടുത്തതിനു ശേഷം നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് നഗരസഭാ അധ്യക്ഷന്‍ ഡി. സജി പറഞ്ഞു.
നഗരസഭാ കാര്യാലയത്തിന് 3 നില കെട്ടിടവും ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്സിനായി 2 നില കെട്ടിടവുമാണ് ഉയരാന്‍ പോകുന്നത്. ഇതിനായി ആദ്യ ഘട്ടത്തില്‍ 7.32 കോടി രൂപയാണ് ചെലവഴിക്കുന്നത്. നഗരസഭ 1990ല്‍ രൂപീകരിച്ചതിനു ശേഷം 1995 മുതലുള്ള ഓരോ ബജറ്റിലും നഗരസഭാ കാര്യാലയത്തിന്റെ നിര്‍മാണത്തിനായി തുക മാറ്റിവയ്ക്കുന്നതല്ലാതെ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല.
ഈ പദ്ധതി ഇപ്പോഴത്തെ എല്‍ഡിഎഫ് ഭരണ സമിതി അധികാരത്തിലെത്തിയതിനു ശേഷമാണ് യാഥാര്‍ഥ്യമായത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണ സമിതിയുടെ കാലത്ത് ഇതിന്‍റെ നിര്‍മാണോദ്ഘാടനം നടത്തിയെങ്കിലും നിര്‍മാണത്തിനു തിരഞ്ഞെടുത്ത സ്ഥലം രേഖയില്‍ നിലമായി കിടന്നിരുന്നതിനാല്‍ പണി തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
ഡി. സജി അധ്യക്ഷനായുള്ള ഭരണ സമിതി അധികാരത്തിലെത്തിയ ശേഷമാണ് നഗരസഭാ കാര്യാലയം നിര്‍മിക്കാനുള്ള ഭൂമിയുടെ തരം മാറ്റല്‍ നടത്തിയെടുത്ത് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണത്തിലേക്ക് എത്തിച്ചത്.5 ബസുകള്‍ പാര്‍ക്കു ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള ക്രമീകരണമാണ് ബസ് ടെര്‍മിനലിനായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ ചെയ്യുന്നത്. ഷോപ്പിങ് കോംപ്ലക്സില്‍ 22 കടമുറികള്‍ ഒരുക്കും.
നഗരസഭാ കാര്യാലയത്തിനായി നിര്‍മിക്കുന്ന 3 നില കെട്ടിടത്തില്‍ ഓഫിസ്, കൗണ്‍സില്‍ ഹാള്‍, ചെയര്‍മാന്‍, സെക്രട്ടറി, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ എന്നിവര്‍ക്കുള്ള കാബിനുകള്‍, കൗണ്‍സിലര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള വിശ്രമ കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് ക്രമീകരിക്കുന്നത്.