ബിഗ് ബഡ്ജറ്റ് ചിത്രം അദൃശ്യത്തിന്റെ മോഷന്‍ പോസ്റ്ററും ടൈറ്റിലും പുറത്തു വിട്ടു. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വ്യത്യസ്തമായ പോസ്റ്റർ പുറത്തു വിട്ടത്. മലയാളം തമിഴ് എന്നീ ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ ‘അദൃശ്യം’ ഏറെ പ്രതീക്ഷയോടെയാണ് തമിഴ്, മലയാളം സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷൻസിനോട് ചേർന്ന്, യു എ എൻ ഫിലിം ഹൗസ് , എ എ എ ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മലയാളത്തില്‍ പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.
പാക്ക്യരാജ് രാമലിംഗമാണ് ചിത്രത്തിനായുള്ള തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം പുഷ്പരാജ് സന്തോഷും, സംഗീത സംവിധാനം രഞ്ജിൻ രാജുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ഡോൺ വിൻസന്റാണ് ഈ ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നത്.