പത്തനംതിട്ട : അടൂര്‍ ഏനാദിമംഗലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുപോര്. അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ എ.ഐ.സി.സി, കെ.പി.സി.സി, ഡി.സി.സി തലത്തില്‍ ശ്രദ്ധയില്‍പ്പെടുത്താനും നടപടി ഉണ്ടായില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും പ്രവര്‍ത്തക കൂട്ടായ്മയില്‍ തീരുമാനിച്ചു. കോണ്‍ഗ്രസിനെ രക്ഷിക്കുക എന്ന ആഹ്വാനത്തോടെ ഏനാദിമംഗലം മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. മണ്ഡലംതലത്തില്‍ നടക്കുന്ന പാര്‍ട്ടിപരിപാടികള്‍ ഒരുവിഭാഗം കൈയടക്കുന്നെന്നും പ്രവര്‍ത്തകരില്‍ വിഭാഗീയത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും ചര്‍ച്ച ചെയ്യാനോ പരിഹരിക്കാനോ ശ്രമിച്ചിട്ടില്ല. കൂട്ടായ്മയുടെ കണ്‍വീനറായി മുന്‍ മണ്ഡലം പ്രസിഡന്റ് ജെ. വേണുഗോപാലന്‍ പിള്ളയെ തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് മുന്‍ അംഗങ്ങളായ കെ. ശിവരാമന്, എം. രാധാകൃഷ്ണന് നായര്‍, സേവാദള്‍ നിയോജക മണ്ഡലം ബൂത്ത് ഭാരവാഹികളായ സജി തുരുത്തിയില്‍, വിനോദ് മണ്ണാറ്റൂര്‍, സജി റോയി, ഷാനവാസ്, ഉണ്ണികൃഷ്ണന്, ജയന്, ജിതേഷ്, വിശ്വനാഥന് നായര്‍, കമലന്, ശശീന്ദ്രന് നായര്‍, രാജന്, ബെന്നി, സുധീശന്‍, ലാലു, മോഹനന്, സരസ്വതി അശോകന് എന്നിവര്‍ പങ്കെടുത്തു.