പത്തനംതിട്ട : കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കാനുള്ള സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനം മലയോര ജനതയ്ക്ക് വേണ്ടി സ്വാഗതം ചെയ്യുന്നതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജനപ്രതിനിധി എന്ന നിലയില്‍ ഇതിനായി നടത്തിയ നിരന്തര ഇടപെടലിന്റെ ഭാഗം കൂടിയായാണ് ഈ തീരുമാനം. മലയോര മേഖല കാട്ടുപന്നി ശല്യത്തിന്റെ പിടിയിലമര്‍ന്നിട്ട് പതിറ്റാണ്ടുകളായി. കേന്ദ്രനിയമം മൂലം പ്രശ്നം പരിഹരിക്കുന്നതിന് വലിയ പ്രതിസന്ധിയാണ് നേരിട്ടത്. തീരുമാനപ്രകാരം വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മാര്‍ഗങ്ങളിലൂടെ കാട്ടുപന്നികളെ കൊല്ലാന്‍ പാടില്ല. ഇതര മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇതിനായി ശാസ്ത്രീയവും പ്രായോഗികവുമായ നിബന്ധനകളും ഉത്തരവിന്റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഹോണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിയമിക്കാവുന്നതാണ്. നൂറ് ഏക്കര്‍ വരെ വിസ്തൃതിയുള്ള ചെറിയ വനപ്രദേശത്തെ കാട്ടുപന്നികളെ വനംവകുപ്പ് തന്നെ നിയന്ത്രിക്കും.
കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്ന വേളകളില്‍ മനുഷ്യജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇതര വന്യജീവികള്‍ക്കും നാശനഷ്ടമുണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി മറവു ചെയ്യണം. അതിന്റെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. കൊല്ലുന്നതിനും ജഡം സംസ്‌കരിക്കുന്നതിനും ജനജാഗ്രതാ സമിതികളുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്.
കാട്ടുപന്നി ശല്യം ഒഴിവാക്കാനുള്ള ഏറ്റവും പ്രായോഗികമായ തീരുമാനമാണ് ഉണ്ടായിട്ടുള്ളത്. ഈ പ്രശ്നം മുന്‍നിര്‍ത്തിയാണ് എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ ആദ്യ ഇടപെടല്‍ തന്നെ നടത്തിയത്. മലയോര മേഖലയുടെ കാര്‍ഷിക അഭിവൃദ്ധിക്ക് തീരുമാനം കാരണമാകും. നിരവധി ആളുകള്‍ക്ക് അപകടങ്ങളും ചിലര്‍ക്ക് ജീവഹാനി തന്നെയും പന്നി ശല്യം മൂലം ഉണ്ടായിട്ടുണ്ട്. സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനത്തില്‍ മലയോര ജനത വളരെ ആഹ്ലാദത്തിലാണ്. ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കാന്‍ വനം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎല്‍എ പറഞ്ഞു.