റാന്നി: കൊല്ലമുള പാലത്തിൻറെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധികൃതരോട് ആവശ്യപ്പെട്ടു. പാലത്തിൻറെ നിർമ്മാണ പുരോഗതി നേരിട്ട് സന്ദർശിച്ച ശേഷമാണ് എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്. മഠത്തുംചാൽ- മുക്കൂട്ടുതറ റോഡിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയെ കോട്ടയവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ പാലം എന്ന പ്രത്യേകതയുമുണ്ട്. വീതി കുറഞ്ഞ പാലത്തിലൂടെ ഒരു വരി ഗതാഗതം മാത്രമായിരുന്നു ഇതുവരെ സാധ്യമാക്കിയിരുന്നത്. മടത്തുംചാൽ – മുക്കൂട്ടുതറ റോഡിൻറെ നിർമ്മാണം കിഫ്ബി ഏറ്റെടുത്ത് നടത്തിയ ആദ്യഘട്ടത്തിൽ ഈ പാലത്തിൻറെ പുനരുദ്ധാരണത്തിന് ഫണ്ട് വകയിരുത്തിയിരുന്നില്ല. ഇപ്പോൾ രണ്ടാംഘട്ട എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയാണ് പാലം പൊളിച്ച് പണിയുന്നത്.
മഠത്തുംചാൽ- മുക്കൂട്ടുതറ റോഡിന് ഒന്നാംഘട്ടത്തിൽ 36 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. നിർമ്മാണം 90% പൂർത്തിയായിരുന്നു. എന്നാൽ വൈദ്യുത പോസ്റ്റുകളിലും പൈപ്പ് ലൈനും മാറ്റുന്നതിന് എടുത്ത കാലതാമസം കാരണം നിർമ്മാണം അനന്തമായി നീളുകയും കരാറുകാരൻ നിർമ്മാണ പ്രവർത്തി ഉപേക്ഷിച്ച് പോവുകയും ചെയ്തിരുന്നു. തുടർന്നാണ് രണ്ടാംഘട്ടത്തിൽ 23.9 കോടി രൂപ കൂടി ഉൾപ്പെടുത്തി റോഡ് നിർമ്മാണം പൂർത്തിയാക്കുവാൻ നടപടി സ്വീകരിച്ചത്. കൊല്ലമുള പാലം, റോഡിൻറെ വശംകെട്ട്, ഐറിഷ് ഡ്രയിൻ, ഇൻറർലോക്ക്, അപകട സൂചന മുന്നറിയിപ്പുകൾ, ബിസി ഓവറിലെ എന്നിവയെല്ലാം രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബഗോറ കൺസ്ട്രക്ഷൻസ് ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.