റാന്നി : കാട്ടു പന്നികളുടെ ശല്യം രൂക്ഷമായുള്ള വില്ലേജുകളുടെ ഹോട്സ്പോട്ട് പട്ടികയിൽ റാന്നി നിയോജകമണ്ഡലത്തിൽ കാട്ടുപന്നി ശല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന വില്ലേജുകളെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വനം വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്ന പട്ടികയിൽ പത്തനംതിട്ട ജില്ലയിലെ 27 വില്ലേജുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ആറുമാസത്തിന് മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതിനായി നൽകിയ കത്തിൽ കാടിനോട് ചേർന്നുള്ള റാന്നിയിലെ വില്ലേജുകൾ ഉള്‍പ്പെട്ടില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥർ വരുത്തിയ ഈ വീഴ്ച പരിഹരിക്കാനാണ് എംഎൽഎ ആവശ്യപ്പെട്ടത്. റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജുകളിലും കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണ്. കർഷകർ കൃഷി പോലും ഉപേക്ഷിച്ച സ്ഥിതിയാണ്. മനുഷ്യരുടെ നേർക്കും ആക്രമണം ഉണ്ട് . ഇത് പരിഹരിക്കാൻ റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജുകളും പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് എംഎൽഎ ആവശ്യപ്പെട്ടിരിക്കുന്നത്