പത്തനംതിട്ട : കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചു നശിപ്പിക്കാനുള്ള തീരുമാനമെടുത്ത സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായി കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു. കാട്ടുപന്നികളെ ക്ഷുദ്രജീവികളുടെ ഗണത്തിൽപെടുത്തണമെന്നും തദ്ദേശസ്ഥാപനങ്ങൾക്ക് അവയെ നശിപ്പിക്കാനുള്ള അധികാരം നൽകണമെന്നുമുള്ള നിർദേശങ്ങളടക്കം യൂത്ത്ഫ്രണ്ട് (എം) ൻ്റെ നേതൃത്വത്തിൽ കേന്ദ്ര- സംസ്ഥാന മന്ത്രിമാർക്ക് നിവേദനം നൽകിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്ത്- ജില്ലാതലം തുടങ്ങി സംസ്ഥാന ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിലേക്ക് ഉൾപ്പടെ യൂത്ത്ഫ്രണ്ട് (എം) മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരുന്നു. വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ സർക്കാർ നിയന്ത്രണത്തിൽ തന്നെ ഭക്ഷ്യയോഗ്യമാക്കി വിപണനം ചെയ്യുവാൻ തയ്യാറാകണമെന്ന് റോണി മാത്യു ആവശ്യപ്പെട്ടു. കേന്ദ്ര വന നിയമത്തിൽ ഭേദഗതി വരുത്തി ഈ വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാവുന്നതുവരെ കേരള യൂത്ത്ഫ്രണ്ട്(എം) സമര രംഗത്തുണ്ടാവുമെന്നും അദേഹം പറഞ്ഞു.
കാട്ടുപന്നികളെ നശിപ്പിക്കാനുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയത് അഭിനന്ദാർഹം : അഡ്വ: റോണി മാത്യു
RECENT NEWS
Advertisment