കൊച്ചി : കറുത്ത നിറത്തിലുള്ള മാസ്കിന് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് അഭിഭാഷകന്‍ രാജേഷ് വിജയന്‍. തന്റെ ഔദ്യോഗിക വക്കീല്‍ കുപ്പായത്തിന് കളര്‍ അടിച്ചുകൊണ്ടുള്ള ചിത്രമാണ് അദ്ദേഹം ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ബാര്‍ കൗണ്‍സില്‍ ക്ഷമിക്കണമെന്നും നാളേം മറ്റന്നാളുമൊക്കെ മുഖ്യമന്ത്രി എറണാകുളത്തുള്ളത് കൊണ്ടാണ് ഇങ്ങനെയെന്നും അദ്ദേഹം പരിഹസിക്കുന്നു. വേറെ വഴിയില്ലെന്നും അഭിഭാഷകന്‍ പോസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കിയ പോലീസ് നടപടി വിവാദമാവുകയാണ്. സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിന് എത്തിയവരുടെ കറുത്ത മാസ്ക് അഴിപ്പിച്ച്, പകരം അവര്‍ക്ക് മഞ്ഞ മാസ്ക് നല്‍കി. ഇന്നലെയും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കിയിരുന്നു. കറുപ്പിനോടുള്ള ഈ വിലക്കിനെതിരെ നടന്മാരായ ജോയ് മാത്യു, ഹരീഷ് പേരടി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരില്‍ പൊതുജനങ്ങളെ കറുത്ത മാസ്ക് ധരിക്കുന്നതില്‍ നിന്ന് വിലക്കിയതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്നും കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നതെന്നും ഇ.പി ജയരാജന്‍ ചോദിച്ചു. കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ചതിന് ട്രാന്‍സ്ജെന്റര്‍ വ്യക്തികളെ കസ്റ്റഡിയിലെടുത്ത നടപടിയെയും ജയരാജന്‍ ന്യായീകരിച്ചു. അവര്‍ പാവങ്ങളാണ് അവരെ കൊണ്ടുവന്നത് ബി.ജെ.പിക്കാരാണെന്നായിരുന്നു ജയരാജന്റെ വാദം.