ന്യൂയോർക്ക് : കാബൂൾ വിമാനത്താവളം വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈനികന് കൈമാറിയ കുട്ടിയ തിരികെ കിട്ടാൻ അന്വേഷിച്ച് അലയുകയാണ് അഫ്ഗാൻ ദമ്പതികൾ. ഓഗസ്റ്റ് 19 ന് കാബൂൾ വിമാനത്താവളത്തിലെ തിരക്കിനിടെയാണ് മിർസാ അലിയും ഭാര്യ സുരയ്യയും തങ്ങളുടെ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞ് സൊഹൈലിനെ മതിലിനു മുകളിലൂടെ അമേരിക്കൻ സൈനികന് കൈമാറിയത്. ഇതിൻറെ ചിത്രങ്ങളും വീഡിയോയും അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു.
വിമാനത്തിൽ കയറിപ്പറ്റാനുള്ള വെപ്രാളത്തിനിടെയാണ് ദമ്പതികൾ കുഞ്ഞിനെ മതിൽക്കെട്ടിനു മുകളിലൂടെ സൈനികർക്ക് കൈമാറിയത്. പ്രധാന കവാടത്തിലെത്തുമ്പോൾ തിരികെ വാങ്ങാമെന്നാണ് കരുതിയത്. എന്നാൽ മൂന്ന് മാസത്തിനിപ്പുറവും കുട്ടിയെ കുറിച്ച് ഒരു വിവരവും ഇല്ല. താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചതിന് പിന്നാലെ പതിനായിരക്കണക്കിനാളുകളാണ് രക്ഷപ്പെടാനായി വിമാനത്താവളത്തിലെത്തിയത്. മിർസ അലിയും ഭാര്യ സുരയ്യയും അഞ്ച് മക്കളും വിമാനത്താവളത്തിൽ എത്തിയപ്പോൽ തിരക്കിൽ കൈക്കുഞ്ഞിന് അപകടം സംഭവിക്കാതിരിക്കാനാണ് കുട്ടിയെ കൈമാറിയത്. എന്നാൽ തിരക്കിൽ നിന്ന് മാറി പ്രധാന കവാടത്തിലെത്തിയ ശേഷം കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
അന്ന് അമേരിക്കൻ സേനയുടെ നിയന്ത്രണത്തിലായിരുന്നു. നിരവധി രക്ഷാകർത്താക്കൾ ഇതുപോലെ കുട്ടിയെ കൈമാറിയിരുന്നു. അവർക്കൊക്കെ കുട്ടികളെ പിന്നീട് തിരികെ കിട്ടുകയും ചെയ്തിരുന്നു. എന്നാൽ തന്റെ കുട്ടിയെ മാത്രം കിട്ടിയില്ലെന്ന് മിർസ പറയുന്നു. നിരവധി ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അമേരിക്കൻ എംബസിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു മിർസ. വിമാനത്താവളത്തിലുണ്ടായിരുന്ന സൈനികരുമായി ചേർന്ന് മുഴുവൻ സ്ഥലത്തും പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
കുട്ടിയെ അമേരിക്കൻ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനാണ് കൈമാറിയത്. ഇംഗ്ലീഷ് ഭാഷ അറിയാത്തതുകൊണ്ട് അദ്ദേഹത്തിന്റെ പേരോ മറ്റ് വിവരങ്ങളോ മിർസയ്ക്ക് അറിയില്ലായിരുന്നു. കുട്ടിയെ കിട്ടിയില്ലെങ്കിലും മിർസയ്ക്കും കുടുംബത്തിനും അവിടെ നിന്ന് രക്ഷപ്പെടേണ്ടി വന്നു. അഭയാർഥികളുമായി ഖത്തറിലേക്ക് പോയ ഒരു വിമാനത്തിൽ കയറി അവിടെ നിന്ന് ജർമനിയിലേക്ക് പോയ കുടുംബം ഇപ്പോൾ അമേരിക്കയിലാണ് ഉള്ളത്.