ന്യൂഡല്‍ഹി : അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും. ചൈന നിലപാട് വ്യക്തമാക്കിയിട്ടില്ല. പങ്കെടുക്കില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് പാകിസ്ഥാൻ അറിയിച്ചു. മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ വിലയിരുത്താൻ ബുധനാഴ്ചയാണ് വിദേശകാര്യ മന്ത്രാലയം യോഗം വിളിച്ചിരിക്കുന്നത്. താലിബാൻ കാബൂൾ പിടിച്ച് രണ്ടര മാസം കഴിയുമ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. അഫ്ഗാനിലെ താല്‍ക്കാലിക സർക്കാരിനെ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. ഇന്ത്യയും താലിബാനോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഭീകരസംഘടനകളെ നിയന്ത്രിക്കാൻ അഫ്ഗാനിലെ സംവിധാനത്തിന് കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സുരക്ഷ വിലയിരുത്താൻ യോഗം വിളിക്കാൻ ഇന്ത്യ തീരുമാനിച്ചത്. പാകിസ്ഥാനൊപ്പം ഇറാൻ തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ക്ഷണക്കത്ത് നല്‍കിയിരുന്നു. യോഗത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്ഥാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
മേഖലയിലെ സമാധാന നീക്കങ്ങൾക്ക് തടസം നിന്നത് ഇന്ത്യയാണെന്നും അതിനാൽ സഹകരിക്കില്ലെന്നുമാണ് പാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൊയിദ് യൂസഫ് അറിയിച്ചത്. പാകിസ്ഥാന്‍റെ തീരുമാനത്തെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ശൈത്യകാലം തുടങ്ങുന്ന സാഹചര്യത്തിൽ അഫ്ഗാനിസ്ഥാന് അമ്പതിനായിരം ടൺ ഗോതമ്പ് അയക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
ഇതിന് അയ്യായിരം ട്രക്കുകൾ പാകിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിൽ എത്തണം. എന്നാൽ ട്രക്കുകൾ കടന്നുപോകാൻ ഇതുവരെ പാകിസ്ഥാൻ അനുവാദം നല്‍കിയിട്ടില്ല. മാനുഷിക പരിഗണന നല്‍കി എടുക്കുന്ന തീരുമാനം പോലും പാകിസ്ഥാൻ മുടക്കുന്നു എന്നാണ് ഇന്ത്യ ആരോപിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സമാധാന നീക്കങ്ങളിൽ ഇന്ത്യയുടെ കാര്യമായ പങ്കാളിത്തം തുടക്കത്തിൽ അമേരിക്കയും പാകിസ്ഥാനും ഉറപ്പാക്കിയിരുന്നില്ല. ഭീകരവാദം ഭീഷണിയാകുമ്പോൾ മാറിനില്‍ക്കേണ്ട എന്ന നയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യ പ്രത്യേക യോഗം വിളിക്കാൻ തീരുമാനിച്ചത്.