പെരുമ്പാവൂര്‍ : നഗരസഭയിലെ പല വാര്‍ഡുകളിലും ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍. മനുഷ്യനും കൃഷിക്കും ഭീഷണിയാകുന്ന ഇവയെ നശിപ്പിക്കുന്നതിന് വഴികള്‍ തേടുകയാണ് ജനങ്ങളിപ്പോള്‍. 2018 ലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഒച്ചുകളുടെ എണ്ണം അത്രയും കൂടിയത്. അതിനുശേഷം പാടശേഖരങ്ങള്‍ ഉള്‍പ്പെടെ നനവുള്ള സ്ഥലങ്ങളില്‍ ഇവ വ്യാപകമാണ്. നഗരസഭ പരിധിയിലുള്ള പാറപ്പുറം, കടുവാള്‍, കാഞ്ഞിരക്കാട്, വല്ലം മേഖലകളില്‍ ഇവയെ കൂട്ടമായി കാണുന്നുണ്ട്.
ഒച്ചുശല്യം കാരണം കൃഷിചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്ന് കൃഷിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കൃഷിയിടങ്ങളില്‍ കൂട്ടമായെത്തി ഇവ വിളകള്‍ നശിപ്പിക്കും. വീടുകളുടെ ചുമരുകളിലും അകത്തും പറ്റിപ്പിടിച്ചിരിക്കുന്നത് പതിവാണ്. വെള്ളപ്പൊക്കത്തിനുശേഷമുള്ള മഴക്കാലങ്ങളിലെല്ലാം ഇവയുടെ വ്യാപനമുണ്ട്. ചില പ്രദേശങ്ങളില്‍ കുടുംബശ്രീക്കാരും റെസി.അസോസിയേഷനുകളും തൊഴിലുറപ്പ് തൊഴിലാളികളും അടക്കം പൊടിയുപ്പ് വിതറി നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.