പത്തനംതിട്ട: പത്തനംതിട്ട നൗഷാദ് തിരോധാന കേസില്‍ അഫ്‌സാനയുടെ ആരോപണത്തിനെതിരെ വീഡിയോ തെളിവ് പുറത്തുവിട്ട് പോലീസ്. മര്‍ദ്ദിച്ചു എന്ന ആരോപണം കളവാണെന്ന് പോലീസ് പറയുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം മുഖത്തടക്കം അഫ്‌സാന കാണിച്ച പാടുകള്‍ വ്യാജമാണെന്നും പോലീസ് കൂട്ടിച്ചേര്‍ക്കുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങള്‍ വകുപ്പ് തല അന്വേഷണത്തിനായി കൂടല്‍ പോലീസ് സമര്‍പ്പിച്ചു. ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യങ്ങളും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.
ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പോലീസ് തല്ലി പറയിപ്പിച്ചു എന്നായിരുന്നു നൗഷാദിന്റെ ഭാര്യ അഫ്‌സാനയുടെ ആരോപണം. പോലീസ് തന്നെ കൊലക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നും പൊതുസമൂഹത്തിന് മുന്നില്‍ കുറ്റക്കാരിയായി ചിത്രീകരിച്ചുവെന്നും അഫ്‌സാന ആരോപിച്ചിരുന്നു. കൂടല്‍ പോലീസിനും ഡിവൈഎസ്പി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അഫ്‌സാന ഉന്നയിച്ചത്. ജയില്‍ മോചിതയായ ശേഷമാണ് പോലീസിനെതിരെ ആരോപണവുമായി അഫ്‌സാന രംഗത്തെത്തിയത്.