ഇടുക്കി : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ ഒരു മണ്ഡലമാണ് ഇടുക്കി. സിറ്റിംഗ് എം.എല്‍.എയും മന്ത്രിയുമായ റോഷി അഗസ്റ്റിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ റോയ് കെ.പൗലോസും തമ്മില്‍ നേര്‍ക്കുനേര്‍ അങ്കംവെട്ടുന്ന മണ്ഡലമാണ് ഇടുക്കി. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ഒന്നാമനോ രണ്ടാമനോ ഒക്കെയായി പാര്‍ട്ടി ഭരിക്കുന്ന റോഷി അഗസ്റ്റിന് ഈ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. ഇടതുപക്ഷവുമായുള്ള ബാന്ധവം അവസാനിപ്പിച്ച് യു.ഡി.എഫില്‍ ചേക്കാറാനുള്ള ജോസ് കെ.മാണിയുടെ ആഗ്രഹത്തെ നിഷ്ക്കരുണം പിച്ചിചീന്തിയത് റോഷി അഗസ്റ്റിന്‍ ആണ്. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ഭാവിതന്നെ ഇരുട്ടിലാക്കിയ റോഷി അഗസ്റ്റിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷവും പകയുമുണ്ട്.
പിണറായി വിജയനെ കൂട്ടുപിടിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ കൂടെ നിര്‍ത്തി മാണി ഗ്രൂപ്പിന്റെ കടിഞ്ഞാണ്‍ കയ്യിലെടുക്കുകയും തന്നെ അപമാനിക്കുകയും ചെയ്ത റോഷി അഗസ്റ്റിനെ ഒതുക്കേണ്ടത് ജോസ് കെ.മാണിയുടെ നിലനില്‍പ്പിന്റെയും അഭിമാനത്തിന്റെയും പ്രശ്നമായി മാറിയിട്ടുണ്ട്. ഇനിയും അമാന്തിച്ചാല്‍ തന്റെ അപ്പന്‍ മാണിയുടെ പേരിലുള്ള പാര്‍ട്ടിയില്‍ താന്‍ വെറും പ്രവര്‍ത്തകനോ റബ്ബര്‍ സ്റ്റാമ്പോ ആയി മാറേണ്ടിവരുമെന്ന് ജോസ് കെ.മാണിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ളിലെ റോഷി – ജോസ് ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടം അതിന്റെ പാരമ്യത്തിലെത്തും. റോഷി അഗസ്റ്റിനെ പരാജയപ്പെടുത്തുവാനുള്ള എല്ലാ വഴികളും ജോസും കൂട്ടരും സ്വീകരിക്കും. ഇത് തിരിച്ച് പാലായിലും സംഭവിക്കും.
ഇതിനുപുറകെയാണ് ഇടതുപക്ഷ മുന്നണിയില്‍ നിന്നുള്ള അടിയൊഴുക്കുകളും റോഷി അഗസ്റ്റിന് നേരിടേണ്ടി വരുന്നത്. സി.പി.എം, സി.പി.ഐ പാര്‍ട്ടിയിലുള്ള പലരും റോഷി ഇനിയും ജയിച്ചുവരുവാന്‍ ആഗ്രഹിക്കുന്നില്ല. 2001, 2006, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചതാണ് റോഷി. 2021ല്‍ മാണി ഗ്രൂപ്പ് ഇടതുപക്ഷ പാളയത്തിലേക്ക് വന്നതോടുകൂടി ഇടുക്കി സീറ്റ് മാണി ഗ്രൂപ്പിന് നല്‍കി എല്‍.ഡി.എഫ് രാഷ്ട്രീയ മര്യാദ കാണിച്ചു. എന്നാല്‍ ഈ നടപടി തങ്ങളുടെ രാഷ്ട്രീയഭാവിക്ക് വന്‍ തിരിച്ചടിയായെന്ന് സി.പി.എം, സി.പി.ഐ നേതാക്കള്‍ കരുതുന്നു. അതുകൊണ്ടുതന്നെ റോഷി അഗസ്റ്റിന്റെ വിജയം പലരും ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാണ്.
കൂടാതെ ഇടുക്കിയിലെ ജനങ്ങള്‍ നേരിടുന്ന പട്ടയ പ്രശ്നങ്ങള്‍ക്കും വന്യജീവി ആക്രമണങ്ങള്‍ക്കും ഫലപ്രദമായ പരിഹാരം കാണുവാന്‍ ഒരു മന്ത്രി ആയിരുന്നിട്ടുകൂടി റോഷി അഗസ്റ്റിന് കഴിഞ്ഞിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ നിന്നും ഉടലെടുത്ത പീരുമേട് ഭൂപ്രശ്നം, റവന്യൂ ഭൂമി കയ്യേറ്റമായി ചിത്രീകരിച്ച് ടൂറിസം വ്യവസായികളെയും കര്‍ഷകരെയും അപമാനിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്തിട്ടും ഇതിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കുവാന്‍ ഇടുക്കി ജില്ലയുടെ ചുമതല ഉണ്ടായിരുന്ന മന്ത്രി റോഷി അഗസ്റ്റിന് കഴിഞ്ഞില്ല. ഇത് സാധാരണ ജനങ്ങളില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
റോഷി അഗസ്റ്റിന്റെ എതിരാളി യുഡിഎഫിനുവേണ്ടി കളത്തിലിറങ്ങിയ കോൺഗ്രസിന്റെ ജനകീയ മുഖം റോയ് കെ.പൗലോസ് ആണ്. ഇത് റോഷി അഗസ്റ്റിന്റെ നെഞ്ചിടിപ്പ് അതിന്റെ പാരമ്യത്തില്‍ എത്തിച്ചിട്ടുണ്ട്. എൻഡിഎ സ്ഥാനാർത്ഥിയായി പ്രതീഷ് പ്രഭയും മത്സരരംഗത്ത് ഉണ്ടെങ്കിലും അങ്കം വെട്ടുന്നത് എല്‍.ഡി.എഫ് – യു.ഡി.എഫ് മുന്നണികള്‍ തമ്മിലാണ്. ഇതുവരെ പുറത്തുവന്ന സര്‍വ്വെകളിലൊക്കെ കോണ്‍ഗ്രസിന്റെ റോയ് കെ.പൗലോസ് സീറ്റ് ഉറപ്പിച്ചു എന്നുതന്നെയാണ് വിവരങ്ങള്‍. റോഷി അഗസ്റ്റിന് പ്രതീക്ഷക്ക് വകയില്ലെന്നുതന്നെയാണ് മണ്ഡലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും കോണ്‍ഗ്രസ് ഇത്തവണ തിരികെ എടുത്തതാണ് ഇടുക്കി മണ്ഡലം. എതിരാളി ജോസഫ് ഗ്രൂപ്പിലെ ആരെങ്കിലും ആയിരിക്കുമെന്നും തനിക്ക് ഈസിയായി ജയിക്കാമെന്നും റോഷി അഗസ്റ്റിന്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകളെയെല്ലാം തകിടംമറിക്കുന്ന തീരുമാനമായിരുന്നു യു.ഡി.എഫ് കൈക്കൊണ്ടത്. ഇതില്‍ അമ്പരന്നുപോയിരിക്കുകയാണ് റോഷി അഗസ്റ്റിന്‍.
കഴിഞ്ഞ ഓരോ തെരഞ്ഞെടുപ്പുകളിലും റോഷി അഗസ്റ്റിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞുവരികയായിരുന്നു. 2001 ല്‍ യു.ഡി.എഫ് ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ 13,719 വോട്ടായിരുന്നു ഭൂരിപക്ഷമെങ്കില്‍ ഏറ്റവുമൊടുവില്‍ 2021-ലെ തിരഞ്ഞെടുപ്പിൽ അത് 5,573 ആയി കുറഞ്ഞിരുന്നു. നിലവിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇടുക്കിയിൽ യുഡിഎഫിന് ശക്തമായ മേൽക്കൈ ഉണ്ട്.
ഇടുക്കി മണ്ഡലത്തിലെ ഒൻപത് ഗ്രാമപഞ്ചായത്തുകളിലും കട്ടപ്പന മുൻസിപ്പാലിറ്റിയിലും കോൺഗ്രസ് ഉൾപ്പെടുന്ന യുഡിഎഫ് ആണ് ഇപ്പോൾ ഭരിക്കുന്നത്. 1987-ൽ റോസമ്മ ചാക്കോയാണ് കൈപ്പത്തി ചിഹ്നത്തില്‍ അവസാനമായി ഇടുക്കിയില്‍ മത്സരിച്ചത്. 39 വർഷങ്ങൾക്ക് ശേഷം വീണ്ടും ഇടുക്കിയില്‍ കൈപ്പത്തി ഉയരുന്നത് ആവേശത്തോടെയാണ് വോട്ടര്‍മാര്‍ സ്വീകരിക്കുന്നത്.
































