തിരുവനന്തപുരം : കോവിഡ് വാക്സിൻ എടുത്താലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വാക്സിൻ സ്വീകരിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഷീല്‍ഡ് വാക്സിന് പാര്‍ശ്വഫലങ്ങള്‍ കുറവാണ്. വാക്സിൻ വിതരണം കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണ്. ആദ്യഘട്ടത്തിലെ വാക്സിൻ വിതരണം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുളളതാണ്. രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിൻ ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.
133 വാക്സിനേഷൻ കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിവയ്പ്പ് എടുക്കും. നാളെ മുതല്‍ കോവിൻ ആപ് ആക്ടിവേറ്റ് ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സന്ദേശം വന്ന് തുടങ്ങും. കുത്തിവയ്‌പെടുക്കാൻ എത്തേണ്ട കേന്ദ്രം, സമയം, എല്ലാം സന്ദേശത്തില്‍ ഉണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ദിവസവും വാക്സിനേഷൻ നടക്കും. എന്നാല്‍, തിരുവനന്തപുരം അടക്കം ചില ജില്ലകളിലെങ്കിലും സ്വകാര്യ ആശുപത്രികളില്‍ ഒന്നിട വിട്ട ദിവസങ്ങളിലാകും കുത്തിവയ്പ് നല്‍കുക.
കോവിഡ് വാക്സിനെതിരായ വ്യാജ പ്രചരണം ജനം വിശ്വസിക്കരുത്. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിയെടുക്കും. കോവിഡ് വാക്സിൻ രണ്ടാംഘട്ട കുത്തിവയ്പ്പിനുളള രജിസ്ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയായി. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.