കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎമ്മിന്റേയും കോൺഗ്രസിന്റേയും കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ്. ഞങ്ങളുടെ നിലപാട് അംഗീകരിക്കുന്നവരാണ് ബിജെപിയിലേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എംടി രമേശ്. കേരളത്തിൽ 2014-ലും 19-ലും മോദിക്കെതിരായുള്ള വിധിയെഴുത്ത് തെറ്റായി പോയെന്ന് കഴിഞ്ഞ പത്ത് വർഷം കൊണ്ട് ജനങ്ങൾ മനസിലാക്കി. അന്ന് അവർക്ക് പറ്റിയ തെറ്റ് തിരുത്താൻ കേരളം തയ്യാറാവുകയാണ്. വലിയ മോദി തരംഗം കേരളത്തിൽ പ്രതിഫലിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ച സ്വീകാര്യതയും ഉറപ്പും വോട്ടെടുപ്പിലും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. നല്ല ഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാർ കേരളത്തിൽ കൂടുതൽ സീറ്റുകൾ നേടും. മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുള്ള ധാരാളം ആൾക്കാർ സിപിഎമ്മിലുമുണ്ട് കോൺഗ്രസിലുമുണ്ട്. അവരുമായി ചർച്ചകളും നടത്തിയിട്ടുണ്ട്. അവരുടെ പേരുകൾ പുറത്തുപറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.