കൊച്ചി : ആലുവ സിഐ സി.എല്‍ സുധീറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ഗാര്‍ഹിക പീഡന പരാതി നല്‍കിയ മറ്റൊരു യുവതി കൂടി രംഗത്ത്. ഇന്ന് മോഫിയയുടെ പേരാണ് കേട്ടതെങ്കില്‍ നാളെ തന്റെ പേരും കേള്‍ക്കേണ്ടി വരും എന്ന് പറഞ്ഞാണ് സുധീറിനെതിരെ യുവതി ആരോപണമുന്നയിച്ചത്. ആലുവ സ്റ്റേഷനിലെത്തിയ തന്റെ പരാതി രേഖപ്പെടുത്താന്‍ പോലും അയാള്‍ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു.
“ചെറിയ കേസ് അല്ല എന്റേത്. ഏഴ് ദിവസമായിരുന്നു ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ഭര്‍ത്താവ് എന്റെ കൈയും കാലും തല്ലിയൊടിച്ചു. ദേഹം മുഴുവനും സിഗരറ്റ് കൊണ്ട് പൊളിച്ചു. ഇതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. എന്നാല്‍ ഭര്‍ത്താവും സിഐയും കൂടി എല്ലാം തേച്ചു മായച്ചു കളഞ്ഞു”, യുവതി പറഞ്ഞു.
സുധീറിന് മനസാക്ഷി എന്നൊരു വികാരമില്ലെന്നും പണത്തിന് വേണ്ടി അയാള്‍ എന്തും ചെയ്യുമെന്നും യുവതി പറയുന്നു. തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചെന്നും പരാതി തേച്ചുമായ്ച്ച് കളയാന്‍ 50,000 രൂപയാണ് ഭര്‍ത്താവില്‍ നിന്ന് സിഐ വാങ്ങിയതെന്നും യുവതി പറഞ്ഞു. “എന്നെ വേശ്യയെന്ന് പരസ്യമായാണ് വിളിച്ചത്. പണത്തിന് വേണ്ടി മാത്രമാണ് അയാള്‍ ജീവിക്കുന്നത് എന്ന് യുവതി പറഞ്ഞു.
അവഹേളിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ മൊഫിയ പര്‍വീണ്‍
ആലുവ എടയപ്പുറം സ്വദേശി മൊഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റി. യുവതി ജീവനൊടുക്കിയ സംഭവം ഡി.വൈ.എസ്.പി അന്വേഷിക്കുമെന്ന് റൂറല്‍ എസ്.പി കെ.കാര്‍ത്തിക് അറിയിച്ചു. യുവതിയുടെ ആത്മഹത്യ അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍, പോലീസ് അവഹേളിച്ചുവെന്ന് യുവതി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു.