തിരുവനന്തപുരം : കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം ചേരാൻ ഗവർണർ അനുമതി നൽകിയേക്കും. സഭ ചേരുന്നതിൽ വിയോജിപ്പില്ലെന്ന് മന്ത്രിമാരെ അറിയിച്ചതായാണ് സൂചന. തീരുമാനം ഉടനെന്ന് രാജ്ഭവൻ അറിയിച്ചു.
ഈ മാസം 31 ന് സഭ ചേരാൻ അനുമതി തേടി മന്ത്രിമാർ ഗവർണറെ കണ്ടിരുന്നു. ഗവര്‍ണര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മന്ത്രി എ.കെ ബാലനും വി.എസ് സുനില്‍കുമാറും നടത്തിയ കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ നിലപാടുകളോടുള്ള അതൃപ്തി എണ്ണി പറഞ്ഞിരുന്നു ഗവര്‍ണര്‍. തുടര്‍ന്ന് ചില നിര്‍ദേശങ്ങളും ഗവര്‍ണര്‍ മുന്നോട്ട് വെച്ചു. മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് പറഞ്ഞാണ് മന്ത്രിമാര്‍ മടങ്ങിയത്. നിര്‍ദേശങ്ങള്‍ എന്തൊക്കെയെന്ന് പരസ്യമാക്കാന്‍ മന്ത്രിമാരും രാജ്ഭവനും തയ്യാറായിട്ടില്ല. കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഗവര്‍ണറുമായി അനൗപചാരികമായ കൂടുതല്‍ ആശയ വിനിമയവും സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ട്.
23 ന് പ്രത്യേക നിയമസഭ സമ്മേളനം വിളിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിന് ബോധ്യപ്പെടുത്താനായില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. രണ്ട് മന്ത്രിമാര്‍ നേരിട്ടെത്തി കാര്യങ്ങള്‍ ബോധിപ്പിച്ച സാഹചര്യത്തില്‍ കടുത്ത നിലപാടില്‍ നിന്നും ഗവര്‍ണര്‍ അനുമതി നല്‍കിയേക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അതിനാല്‍ 31 ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ തടസം നില്‍ക്കില്ലെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. ഗവര്‍ണറുടെ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായാല്‍ ഗവര്‍ണര്‍ പഴയ നിലപാട് ആവര്‍ത്തിക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അങ്ങനെ വന്നാല്‍ സര്‍ക്കാരിന് ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതിലേക്ക് നീങ്ങേണ്ടിയും വരും.