കുറുപ്പംപടി : ഇന്ത്യയില്‍ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് പ്രത്യേക കാര്‍ഷിക ബജറ്റ് അനിവാര്യമാണെന്ന് ബെന്നി ബെഹനാന്‍ എം.പി പറഞ്ഞു. കൃഷി വകുപ്പ് അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയുടെയും (ആത്മ) കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുറുപ്പംപടി സിറിയന്‍ ക്രിസ്ത്യന്‍ യൂത്ത് ലീഗ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാ കിസാന്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്പാദനം, സംഭരണം, സംസ്‌കരണം, വിപണനം എന്നീ മേഖലകളിലെ ആധുനിക സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലേക്ക് എത്തിയാല്‍ മാത്രമേ പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനാകൂ. പുതിയ വിപണന തന്ത്രങ്ങളിലൂടെ മാത്രമേ ചൂഷണങ്ങളെ അതിജീവിക്കാനുള്ള കഴിവ് കര്‍ഷകന് ലഭിക്കുകയുള്ളുവെന്നും എംപി പറഞ്ഞു. ചടങ്ങില്‍ എല്‍ദോസ് പി കുന്നപ്പിള്ളി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നൂതനാശയങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കാന്‍ ഇത്തരം കാര്‍ഷികമേളകള്‍ക്ക് സാധിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
‘ആസാദി കാ അമൃത് മഹോത്സവ് ‘ കിസാന്‍ ഭാഗീദാരി പ്രാഥമികതാ ഹമാരി കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മേളയില്‍ കാര്‍ഷിക സെമിനാറുകള്‍, കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം, കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പിന്റെ പ്രദര്‍ശന വില്പന സ്റ്റാളുകള്‍, സഞ്ചരിക്കുന്ന മണ്ണുപരിശോധനാ ലാബ്, കാര്‍ഷികോത്പന്നങ്ങളുടെ വിപണനം എന്നിവ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള സംസ്ഥാന കാര്‍ഷിക അവാര്‍ഡ് ജേതാക്കളായ സെന്റ് ജോസഫ് ബോയ്സ് ഹോസ്റ്റല്‍ കൂനമ്മാവ്, അങ്കമാലി കരിങ്കല്‍ പുരം വെജിറ്റബിള്‍ ക്ലസ്റ്റര്‍ മഞ്ഞപ്ര എന്നിവരെ വേദിയില്‍ ആദരിച്ചു.
ജില്ലാ ഡവലപ്മെന്റ് കമ്മീഷ്ണര്‍ എ.ഷിബു മുഖ്യപ്രഭാഷണം നടത്തി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.പി അജയകുമാര്‍, ഷിജി ഷാജി, പി.പി അവറാച്ചന്‍, മിനി ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടന്‍, ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.ജെ ബാബു, അനു അബീഷ്, കാര്‍ഷിക വിജ്ഞാന്‍ കേന്ദ്രം പിന്‍സിപ്പല്‍ സയന്റിസ്റ്റ് ഷിനോജ് സുബ്രഹ്‌മണ്യന്‍, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ ഷീല പോള്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ അനിത ജെയിംസ്, സെറിന്‍ ഫിലിപ്പ്, തോമസ് സാമുവല്‍, ബോബി പീറ്റര്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എ.ഗോപകുമാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.എന്‍ മോളി, സീനിയര്‍ വെറ്റിനറി സര്‍ജന്‍ സന്ധ്യ ജി.നായര്‍ എന്നിവര്‍ പങ്കെടുത്തു.