പത്തനംതിട്ട : പാവപ്പെട്ട പെൺകുട്ടികളെ പീഡിപ്പിക്കുന്നതിനു വേണ്ടിയാണ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽബാലിക സദനങ്ങൾ പോലെയുള്ള സ്ഥാപനങ്ങൾ നടത്തുന്നതെന്ന് കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഒഎസ് അംബിക എം എൽ എ പറഞ്ഞു. ആർ എസ് എസ് നിയന്ത്രണത്തിലുള്ള ശബരി ബാലികാ സദനത്തിലെ പെൺകുട്ടിയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ നിയമാനുസൃതമുള്ള ലൈസൻസുകളോ ഇല്ലാതെയാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അവരുടെ അധികര പരിധിയിലുള്ള സ്ഥാപനങ്ങളിൽ ഇക്കാര്യങ്ങളിലുള്ള ആവശ്യമായ പരിശോധനകൾ നടത്താതെ ഇരിക്കുന്നതും അന്വേഷിക്കണം. പെൺകുട്ടിയുടെ മരണകാരണങ്ങളെക്കുറിച്ചു സ്ഥാപന നടത്തി ന്റെ നടത്തിപ്പിനെക്കുറിച്ചും വിശദമായ അന്വേഷണമാവശ്യപ്പെട്ട് നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എം എൽ എ പറഞ്ഞു.
കോന്നി എലിയറയ്ക്കുള്ള ശബരി ബാലികാസദനത്തിന്റെ നടത്തിപ്പിനെ സംബന്ധിച്ച് മുമ്പും പരാതികൾ ഉയർന്നു വന്നിരുന്നതായി തുടർന്ന് സംസാരിച്ച യൂണിയൻ നേതാക്കൾ പറഞ്ഞു. അന്തേവാസികളായ പെൺകുട്ടികൾക്ക് ആവശ്യമായ ഭക്ഷണം നൽകാതെയും നിരന്തരം കഠിന ജോലികൾ ചെയ്യിക്കുന്നതായും ആരോപണം ഉയർന്നിരുന്നു. എതിരഭിപ്രായം പറയുന്ന കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി മുമ്പ് താമസിച്ചിരുന്നവരിൽ പലരും പറഞ്ഞു.
മരിച്ച പെൺകുട്ടിയുടെ മൂത്ത സഹോദരി ഈ സ്ഥാപനത്തിൽ കുറച്ചു കാലം നിൽക്കുകയും നടത്തിപ്പുകാരുടെ സമീപനത്തിൽ സഹികെട്ട് സ്ഥാപനം ഉപേക്ഷിച്ചു പോകുകയുമായിരുന്നു എംഎൽഎ പറഞ്ഞു. കെ എസ് കെ ടി യു ഏരിയ സെക്രട്ടറി പി രാധാകൃഷ്ണൻ നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി രാധാകൃഷണൻ ,ജില്ലാ പ്രസിഡൻ്റ് പി എസ് കൃഷ്ണകുമാർ ,സിപിഐ എം ഏരിയ സെക്രട്ടറി ശ്യാംലാൽ, കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം എസ് രാജേന്ദ്രൻ, തങ്കമണിനാണപ്പൻ, ഷീല വിജയൻ ,ജില്ലാ വൈസ് പ്രസിഡൻ്റ് ഷിബു, കോന്നി ഏരിയ പ്രസിഡൻ്റ് വർഗ്ഗീസ് ബേബി എന്നിവർ സംസാരിച്ചു.































