കോഴഞ്ചേരി : കമ്പ്യൂട്ടർ ബിരുദധാരിയാണെങ്കിലും വത്സലക്ക് കൂടുതൽ ചങ്ങാത്തം കൃഷിയോടാണ്. ടെറസിലും മുറ്റത്തുമായി വളർന്നു നിൽക്കുന്ന പച്ചക്കറിയിനങ്ങളെയും പഴങ്ങളെയും പരിപാലിച്ചും സല്ലപിച്ചുമാണ് വത്സലയുടെ ദിനങ്ങൾ കടന്നുപോകുന്നത്. ഏരുമക്കാട് ഒഴൂർ പടിഞ്ഞാറേതിൽ പി.കെ കൃഷ്ണൻകുട്ടിയുടെ ഭാര്യയാണ് വത്സല. ഇപ്പോൾ കൃഷി ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്.
വീട്ടിലേക്കുള്ള വഴിയിൽ പോലും പന്തലിട്ടിരിക്കുന്നതിൽ മുന്തിരിയും കുമ്പളവും തണൽ വിരിച്ചു നിൽക്കുന്നു. വീടൊഴിച്ച് എല്ലായിടവും കൃഷി തന്നെ. കാർഷിക രംഗത്തെ മികവിന് ആറൻമുള പഞ്ചായത്ത് വത്സലയെ ചിങ്ങപ്പുലരിയിൽ ആദരിച്ചു. ആകെ 20 സെന്റെയുള്ളൂ. അതിനാൽ അൽപംപോലും സ്ഥലം പാഴാക്കാതെയാണ് ഓരോന്നും നട്ടുവളർത്തുന്നത്. 2008 ൽ ആരംഭിച്ച ടെറസിലെ കൃഷി വിജയമായതോടെ പാട്ടത്തിന് സ്ഥലമെടുത്തും കൃഷി ആരംഭിച്ചു. ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന്റെ മട്ടുപ്പാവിൽ നിറയെ പച്ചക്കറികൾ. വെണ്ട, വഴുതന, വെള്ളരി, പച്ചമുളക്, പാവൽ, തക്കാളി, മുരിങ്ങ ആ പട്ടിക നീളും. ചേന പോലും ടെറസിൽ വളരുന്നു. സമാനമായ ചുറ്റുപാടുകളുള്ളവർക്ക് അനുകരിക്കാവുന്ന മാതൃകയാണ് ഇവർ കാട്ടിത്തരുന്നത്.
പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി തയ്‌ച്ചാണ് ഗ്രോബാഗ് ഉണ്ടാക്കുക. ഇഷ്ട വലുപ്പത്തിൽ ഉണ്ടാക്കാനാകും. ചെലവും വളരെ കുറവ്. ഗൾഫിലായിരുന്ന ഭർത്താവ് കൃഷ്ണൻകുട്ടി തിരിച്ചെത്തിയതോടെ എല്ലാറ്റിനും കൂട്ടായുണ്ട്. ആറന്മുള അജിത്കുമാറിന്റെ തുരുത്തിമലയിലുള്ള ഒന്നര ഏക്കർ കടുവാക്കാട്ടുമോടിയിൽ നാരായണൻ, പ്ലാങ്കൂട്ടത്തിൽ ഗോപാലകൃഷ്ണൻ, കല്ലുവരമ്പിൽ ചന്ദ്രൻ എന്നീ സുഹൃത്തുക്കൾക്കൊപ്പം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. കപ്പ, ചേന, ചേമ്പ്, ഏത്തവാഴ, കിഴങ്ങ്, ഇഞ്ചി, വെറ്റില തുടങ്ങിയവയാണ് വളർത്തുന്നത്. അമ്മ അരീക്കര പാലനിൽക്കുന്നതിൽ ജാനകി കൃഷിയോടു കാട്ടിയ താൽപര്യമാണ് ഇവരുടെയും പ്രചോദനം.