അഹമ്മദാബാദ് : 56 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ ഗുജറാത്തിലെ പ്രത്യേക കോടതി ഈ മാസം 18 ന് വിധി പ്രസ്താവിക്കും. 2008 ജൂലൈ 26 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഫോടനത്തില്‍ ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. 49 പ്രതികളാണു കേസിലുള്‍പ്പെട്ടിട്ടുള്ളത്. കേസിന്റെ വാദം ചൊവ്വാഴ്ച പൂര്‍ത്തിയായതോടെ 18 ന് വിധി പ്രസ്താവിക്കാന്‍ കേസ് മാറ്റിവയ്ക്കുന്നതായി പ്രത്യേക കോടതി ജഡ്ജി എ.ആര് പട്ടേല്‍ പറഞ്ഞു.
നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) യില്‍ നിന്നുള്ളവര്‍ തുടങ്ങിയ ഇന്ത്യന്‍ മുജാഹിദീനില്‍ പെട്ടവരാണു പ്രതികളെന്നു പോലീസ് പറഞ്ഞു. 2002 ലെ ഗോധ്രാനന്തര കലാപത്തിനു പകരം വീട്ടാനാണ് ഇവര്‍ സ്ഫോടനം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്ഫോടനപരമ്പരകള്ക്കു പിന്നാലെ സൂററ്റിലെ വിവിധ ഇടങ്ങളില്‍നിന്ന് ബോംബുകള്‍ കണ്ടെടുത്തിരുന്നു.