അഹമ്മദാബാദ്: പശുക്കളെ കൊല്ലുന്നത് നിര്‍ത്തിയാല്‍ ലോകത്തിലെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാവുമെന്ന് ഗുജറാത്തിലെ ഒരു സെഷന്‍സ് കോടതിയുടെ വിചിത്ര നിരീക്ഷണം. പശുക്കളെ അനധികൃതമായി കടത്തിയ കേസില്‍ പ്രതിയെ ജീവപര്യന്തം ശിക്ഷിച്ച് കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.രണ്ട് വര്‍ഷം മുന്‍പ് ഒരു ഓഗസ്റ്റ് മാസം മഹാരാഷ്ട്രയിലേക്ക് അറവിനായി പശുക്കളെ കടത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം ശിക്ഷിച്ച് കൊണ്ടാണ് താപിയിലെ സെഷന്‍ കോടതിയുടെ വിചിത്ര നിരീക്ഷണങ്ങള്‍. പശു വെറുമൊരു മൃഗമല്ല. അമ്മയാണ്, ദൈവമാണ്, പശുവിന്‍റെ രക്തം വീഴാത്ത ഒരു ദിനം ഉണ്ടായാല്‍ അന്ന് ലോകത്തെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് വിനോദ് ചന്ദ്രാ വ്യാസ് ശിക്ഷ വിധിച്ച് കൊണ്ട് പറഞ്ഞു.
ചാണകത്തിന് റേഡിയേഷന്‍ ചെറുക്കാനും ചാണകം മെഴുകിയ വീടുകള്‍ റേഡിയേഷനെ വരെ ചെറുക്കും വിധം സുരക്ഷിതമാണെന്നും കോടതി പറഞ്ഞു. പശുമൂത്രം രോഗങ്ങളില്ലാതാക്കുമെന്നും ആഗോള താപനത്തിനും പശുക്കളെ വധിക്കുന്നതുമായി ബന്ധമുണ്ടെന്ന് ജഡ്ജ് പറഞ്ഞു. ലോകത്തെ പശുസമ്പത്ത് ഗണ്യമായി കുറഞ്ഞ് പോയെന്നും ഇനിയും ഇങ്ങനെ മുന്നോട്ട് പോവാനാകില്ലെന്നും പറഞ്ഞ് കൊണ്ടുള്ള വിധിയില്‍ പ്രതിക്ക് ജീവപര്യന്തത്തിനൊപ്പം ലക്ഷം രൂപ പിഴയും വിധിച്ചു.