തിരുവനന്തപുരം : കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആതിരയുടെ ഭര്‍തൃ മാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിന് തൊട്ടടുത്തുള്ള കോഴി ഫാമിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.
ജനുവരി 15-നാണ് ശ്യാമളയുടെ മരുമകളായിരുന്ന ആതിരയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനുള്ളിലായിരുന്നു ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടേത് ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സമീപത്ത് കാണപ്പെട്ട കറിക്കത്തി ഉപയോഗിച്ച് തന്നെയാണ് കഴുത്ത് അറുത്തിരുന്നത്. കൈ ഞരമ്ബുകളും മുറിച്ച നിലയിലായിരുന്നു. ഈ കേസിന്‍റെ ദുരൂഹത നീക്കാനുള്ള പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശ്യാമളയുടെ മരണം .
ആതിരയുടെ മരണത്തില്‍ പോലീസ് പതിനഞ്ചിലധികം പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടും കൊലപാതകത്തിലേക്കോ, ആത്മഹത്യയിലേക്കോ ബന്ധിപ്പിക്കാവുന്ന ഒരു തുമ്പും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലെ ആതിരയുടെ ഭര്‍തൃ മാതാവിന്‍റെ മരണം കേസില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ് .