പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ബിഹാര്‍ പിസിസി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമായിരുന്നു. ഇതിനിടെയാണ് സംസ്ഥാന നേതാക്കള്‍ എഐസിസി ആസ്ഥാനത്തിന് സമീപം നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. സെപ്റ്റംബര്‍ എട്ടിന് ബിപിസിസി പ്രസിഡന്റ് രാജേഷ് റാം, ബീഹാറിന്റെ ചുമതലയുള്ള കൃഷ്ണ അല്ലാവരു എന്നിവരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ നടന്നിരുന്നു. ഇത് പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 72 മണിക്കൂറിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ ഏകപക്ഷീയമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അച്ചടക്ക സമിതി അധ്യക്ഷന്‍ കപില്‍ദേവ് പ്രസാദ് യാദവാണ് നോട്ടീസ് അയച്ചത്. മുന്‍ എംഎല്‍എമാരായ അനില്‍ സിങ്, പൂനം ദേവി, മുന്‍ ജില്ലാ അധ്യക്ഷന്മാരായ വിധുശേഖര്‍ പാണ്ഡെ, ഭാരത് ഭൂഷണ്‍ ദുബെ, സത്യേന്ദ്ര യാദവ്, മൃത്യുഞ്ജയ് സിങ് എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. തങ്ങളുടെ പരാതികള്‍ ഉന്നയിക്കാന്‍ കേന്ദ്ര നേതൃത്വത്തെ സമീപിക്കുന്നതില്‍ തെറ്റില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. തങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സമിതിക്ക് അധികാരമില്ലെന്നും എഐസിസി അംഗം ആനന്ദ് മാധവ് പറഞ്ഞു. എന്നാല്‍ ഡല്‍ഹിയിലെ പ്രതിഷേധം ഗുരുതമായ അച്ചടക്ക ലംഘനമാണെന്നാണ് നേതൃത്വം പറയുന്നത്.
ഫെബ്രുവരിന് 18ന് പുറത്താക്കല്‍ നടപടി നേരിട്ട ഒമ്പത് കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. നിലവില്‍ രാജേഷ് റാമിനെയും കൃഷ്ണ അല്ലാവരുവിനെയും തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. പുറത്താക്കപ്പെട്ട ഒമ്പത് നേതാക്കള്‍ ഉള്‍പ്പെടെ 47 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നും ഒരു വിഭാഗം ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്.































