കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലാണ് നടപടികൾ നടക്കുക. പ്രതികൾ നേരിട്ടോ വീഡിയോ കോൺഫറൻസിങ് വഴിയോ ഹാജരാകണമെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. നടപടികൾ നിർത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ പ്രതികള്‍ ഹാജരാകാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. വിചാരണക്ക് ഹൈക്കോടതി സ്റ്റേ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നും അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഒഴിവാക്കുമെന്നും ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി പറഞ്ഞു. പ്രതികള്‍ സെപ്റ്റംബര്‍ 11ന് ഹാജരാകണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.
കൃത്യമായ രേഖകളില്ലാതെ തനിക്ക് മരം വിറ്റെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ വ്യവസായി നല്‍കിയ പരാതിയിലാണ് അമ്പലമേട് പോലീസ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ കേസെടുത്തത്. കേസില്‍ റോജി അഗസ്റ്റിനാണ് ഒന്നാം പ്രതി. ആന്റോ അഗസ്റ്റിന്‍ രണ്ടാം പ്രതിയുമാണ്. വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള കേസില്‍ തീരുമാനമാകുന്നത് വരെ ചോറ്റാനിക്കര കോടതിയിലെ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹർജി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.































