ബാലുശേരി : സംസ്ഥാനത്ത് എയിംസ് (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) സ്ഥാപിക്കാനായി കിനാലൂരിലെ സ്വകാര്യഭൂമിയില്‍ സാമൂഹികാഘാത പഠനം നടത്തുന്നതിനുള്ള ഉത്തരവിറങ്ങി. സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന 153.46 ഏക്കറിന് പുറമെ ഏറ്റെടുക്കുന്ന ഭൂമിയിലാണ് പഠനം നടത്തുക. കിനാലൂര്‍, കാന്തലാട് വില്ലേജുകളിലെ 40.68 ഹെക്ടര്‍ സ്വകാര്യഭൂമിയാണിതിന് കണ്ടെത്തിയത്.
കെഎസ്‌ഐഡിസിയുടെ 153.46 ഏക്കര്‍ ആരോഗ്യ വകുപ്പിന് കൈമാറി. കിനാലൂര്‍ വില്ലേജില്‍ 108 റീ സര്‍വേയില്‍പെട്ട നൂറേക്കറും കാന്തലാട് വില്ലേജില്‍ അണ്‍സര്‍വേയില്‍പ്പെട്ട 53.46 ഏക്കറുമാണിത്. ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതോടെയാണ് കിനാലൂരില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കിയത്.
അധികമായിവേണ്ട ഭൂമിയും നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് സാമൂഹികാഘാത പഠനം നടത്താന്‍ തീരുമാനിച്ച ഭൂമിയുടെ സ്‌കെച്ചും അളവും റവന്യൂ വകുപ്പ് നേരത്തെ തയ്യാറാക്കിയിരുന്നു. കണ്ടെത്തിയ 40.68 ഹെക്ടറില്‍ 84 വീടുകളുണ്ട്. കാന്തലാട്, കിനാലൂര്‍ വില്ലേജുകളിലെ 80 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് നേരത്തെ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. മന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ വകുപ്പ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം കിനാലൂര്‍ സന്ദര്‍ശിച്ചിരുന്നു.