ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ എയിംസുകളിലേക്കുള്ള എം.ബി.ബി.എസ് സ്പോട്ട് അഡ്മിഷനില്‍ ക്രമക്കേട് നടത്തുന്നതായി ആക്ഷേപം. നിലവില്‍ പ്രവേശനം നേടാത്തവരെ സ്പോട്ട് അഡ്മിഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം എയിംസ്, ജിപ്മെര്‍ തുടങ്ങിയ കോളജുകളില്‍ നിലവില്‍ പ്രവേശനം നേടിയ 1190 പേര്‍ ഉള്‍ക്കൊള്ളുന്ന സ്പോട്ട് അഡ്മിഷന്‍ പട്ടിക തയാറാക്കിയാണ് ക്രമക്കേട്.
ഇതുപ്രകാരം സ്പോട്ട് അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ ഹാജരായില്ലെന്നു ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ പിന്‍വാതില്‍ നിയമനത്തിനും സംവരണ അട്ടിമറിക്കും അവസരമൊരുക്കുകയാണെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. സ്പോട്ട് അഡ്മിഷനില്‍ സംവരണ സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ എത്തിയില്ലെങ്കില്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ഇതോടെ, വിദ്യാര്‍ഥികള്‍ ഹാജരായില്ലെന്ന കാരണം പറഞ്ഞ് 50ലേറെ സീറ്റുകള്‍ സംവരണ വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെടും.
ജിപ്മേറിലും ഇത്തരത്തില്‍ പട്ടിക തയാറാക്കിയതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി മറ്റു കോളജുകളില്‍ പ്രവേശനം നേടാത്ത അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുള്ള വിദ്യാര്‍ഥികളുടെ പുതിയ പട്ടിക ഇറക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. പ്രവേശന നടപടി ജനുവരി 15ലേക്ക് മാറ്റിവെക്കുകയും ചെയ്തു. ഇതിനിടയിലാണ് എയിംസിലും സമാന തിരിമറിക്ക് അവസരം ഒരുക്കിയിരിക്കുന്നത്. ജനുവരി 12, 13 തീയതികളിലാണ് എയിംസിലെ സ്പോട്ട് അഡ്മിഷന്‍.