ആലുവ : എയർഹോൺ മുഴക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ മർദിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമവിരുദ്ധമായി എയർ ഹോൺ ഉപയോഗിച്ചടക്കമുള്ള കാര്യങ്ങളുടെ പേരിലാണ് സ്വകാര്യ ബസിനെതിരെ കേസെടുത്തത്. സ്വകാര്യ ബസുകളിൽ എയർ ഹോൺ ഉപയോഗിക്കുന്നത് ദുരിതമായതോടെ ആലുവ-പെരുമ്പാവൂർ റോഡിലെ ചൂണ്ടി കവലയിലുള്ള വ്യാപാരികൾ ബസുകാരോട് എയർഹോൺ മുഴക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ, ഇത് അനുസരിക്കാതെ എതിർത്ത വ്യാപാരികളെയും നാട്ടുകാരെയും കഴിഞ്ഞ ദിവസം ബസ് ജീവനക്കാരും ഗുണ്ടകളും ചേർന്ന് മർദിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് എടത്തല പോലീസ് കേസ് എടുത്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ആലുവ ജോ. ആർ.ടി.ഒ ബസ് പരിശോധിച്ചത്.
നഗരസഭ ബസ് സ്‌റ്റാന്‍ഡില്‍ വെച്ച് നടത്തിയ പരിശോധനയില്‍ എയര്‍ ഹോണ്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇത് ഊരിയെടുത്തു. ബസിന്‍റെ ബ്രെയ്ക്ക് ലൈറ്റ് പ്രവര്‍ത്തന രഹിതമായിരുന്നു. അതിന് പുറമെ പുറകിലെ ഗ്ലാസില്‍ കൂള്‍ ഫിലിമും ഒട്ടിച്ചതായും പരിശോധനയില്‍ കണ്ടെത്തി. ഇതിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇവയെല്ലാം ശരിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.