ഡൽഹി: വിമാനം പുറപ്പെടാൻ വൈകിയതിനെ തുടർന്ന് ജീവനക്കാരെ യാത്രക്കാർ കൈയേറ്റം ചെയ്തു. എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനത്തിലാണ് സംഭവം. വ്യാഴാഴ്ച ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു യാത്രക്കാരുടെ പ്രതിഷേധമുണ്ടായത്. വിമാനം പുറപ്പെടാൻ വൈകിയതാണ് പ്രതിഷേധത്തിനു കാരണമായത്.
സാങ്കേതിക തകരാറുകൾ കൊണ്ടാണ് വിമാനം പുറപ്പെടാൻ വൈകിയതെന്നു എയർലൈൻ അധികൃതർ അറിയിച്ചു. ക്രൂ അംഗങ്ങൾക്ക് പുറമെ പൈലറ്റിനെയും ചില യാത്രക്കാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു. കോക്പിറ്റ് വാതിൽ പൊളിച്ചു പൈലറ്റിനെ പുറത്തിറക്കുമെന്ന് മറ്റൊരു യാത്രക്കാരൻ ഭീക്ഷണിപ്പെടുത്തി. സാങ്കേതിക കാരണങ്ങളാൽ റൺവേയിൽ നിന്നും വിമാനം തിരിച്ചു വരികയാണ് ചെയ്തത്. സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഡി.ജി.സി.എ വ്യോമയാന അധികൃതർ വിശദീകരണം തേടി. വിശദമായ റിപ്പോർട്ട് നൽകാൻ ക്യാബിൻ ക്രൂ അംഗങ്ങളോട് എയർ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.