ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് യാത്രചെയ്യുന്നവര്‍ കോവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല്‍ ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യ. പരിശോധന ഫലത്തിന്റെ ഫോട്ടോകോപ്പികള്‍ സ്വീകരിക്കില്ല. കൈയെഴുത്തിലുള്ള പരിശോധന ഫലങ്ങളും സ്വീകരിക്കില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പ്യൂവര്‍ ഹെല്‍ത്ത്, മൈക്രോ ഹെല്‍ത്ത് എന്നിവയുടെ അക്രഡിറ്റഡ് ലാബുകളില്‍നിന്നുള്ള പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്.
ഇതില്‍ വെട്ടിത്തിരുത്തലുകള്‍ ഉണ്ടാവരുത്. ലാബിന്റെ ഒറിജിനല്‍ ലെറ്റര്‍ഹെഡില്‍ സീലും ഒപ്പും വെച്ചിരിക്കണം. ഇതില്‍ പരിശോധന ഫലം ടൈപ്പ് ചെയ്ത രീതിയിലാണ് സമര്‍പ്പിക്കേണ്ടത്. ഇംഗ്ലീഷിലായിരിക്കണം ഫലം. നെഗറ്റിവ് ഫലം ലഭിച്ചവര്‍ 96 മണിക്കൂറിനുള്ളില്‍ വിമാനത്താവളങ്ങളില്‍ എത്തണം. പരിശോധനക്ക് സാമ്പിള്‍ എടുത്ത സമയം മുതലാണ് 96 മണിക്കൂര്‍ കണക്കാക്കുന്നത്. ട്രൂനാറ്റ്, സി.ബി നാറ്റ് എന്നീ പരിശോധന ഫലങ്ങള്‍ സ്വീകരിക്കില്ല. ആര്‍.ടി പി.സി.ആര്‍ പരിശോധന ഫലങ്ങള്‍ക്ക് മാത്രമേ സാധുതയുള്ളൂ. യാത്രക്കാര്‍ നാലുമണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.