കൊച്ചി: കേരളത്തിൽ നിന്ന് ആദ്യ വിമാന സർവീസ് ആരംഭിക്കാൻ തയ്യാറെടുക്കുന്ന എയർ കേരളയുടെ ആലുവയിലുള്ള കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം 15-ന് നടക്കും. വൈകിട്ട് 5.30-ന് കേരള വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. പ്രൗഢമായ ചടങ്ങിൽ ലോകസഭ എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹ്‌നാൻ, രാജ്യസഭാ എംപി ഹാരിസ് ബീരാൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സാംസ്കാരികരംഗത്തെ മറ്റ് പ്രമുഖർ, എയർ കേരളയുടെ സാരഥികൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
മൂന്ന് നിലകളിലായി അത്യാധുനിക പരിശീലന സൗകര്യങ്ങൾ ഉൾപ്പെടെ വിശാലമായ ഓഫീസ് സമുച്ചയം ആലുവ മെട്രോ സ്റ്റേഷനു സമീപത്താണ് സ്ഥിതിചെയ്യുന്നത്. ഒരേസമയം 200-ലേറെ വ്യോമയാന വിദഗ്ധർക്ക് ജോലി ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഓഫീസ് ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ സ്ഥാപനത്തിൽ 750-ലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എയർ കേരള മാനേജ്‌മെന്റ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവീസ് ആരംഭിക്കുന്ന എയർ കേരള വൈകാതെ അന്താരാഷ്ട്ര സർവീസിനും തുടക്കമിടും. എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽനിന്ന് പറന്നുയരും. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു.
അഞ്ച് വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച് ഐറിഷ് കമ്പനികളുമായി കരാറായിട്ടുണ്ട്. വിമാനങ്ങൾ സ്വന്തമായി വാങ്ങാനും പദ്ധതിയുണ്ടെന്ന് വൈസ് ചെയർമാൻ അയ്യൂബ് കല്ലട അറിയിച്ചു. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവീസുകൾ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി അറിയിച്ചു. 76 സീറ്റുകളുള്ള എടിആർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും.