കോട്ടയം : എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിച്ചെന്ന പരാതിയില്‍ ഏഴുപേര്‍ക്കെതിരെ ജാമ്യമില്ലാക്കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ജാതി അധിക്ഷേപം എന്നീ വകുപ്പുകളിലാണ് കേസ്. എം.ജി വാഴ്‌സിറ്റി സെനറ്റ് ദിരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. എസ്എഫ്‌ഐ നേതാക്കളില്‍ നിന്ന് നേരിട്ടത് ലൈംഗിക അതിക്രമമെന്ന് എഐഎസ്എഫ് വനിതാ നേതാവ് മൊഴിനല്‍കി. ശരീരത്തില്‍ കടന്നു പിടിച്ച് നേതാക്കള്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം കെ അരുണ്‍ ഉള്‍പ്പടെ ആക്രമിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും മൊഴിയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് എഫ് ഐയും എ ഐ എസ് എഫും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. എ ഐ എസ് എഫ് പ്രവര്‍ത്തകനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചതിനെ പെണ്‍കുട്ടി ചോദ്യം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ എ ഐ എസ് എഫ് പ്രവര്‍ത്തകരും വനിതാ നേതാവും കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
എസ് എഫ് ഐക്കെതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശരീരത്തില്‍ കയറി പിടിച്ചു എന്നും പരാതിയില്‍ പറയുന്നു. ബലം പ്രയോഗിച്ച് മുന്നോട്ട് കുതിച്ചാണ് ശരീരത്തില്‍ നിന്നുള്ള പിടുത്തം താന്‍ വിടുവിച്ചത്. സ്ത്രീത്വത്തേയും ജാതിപ്പേര് വിളിച്ചും അധിക്ഷേപിച്ചു. തന്നെ അക്രമിച്ചതിന് നേതൃത്വം നല്‍കിയവര്‍ തന്നെ വ്യക്തിപരമായി അറിയുന്ന ഒപ്പം പഠിക്കുന്നവരാണ് എന്നും പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചു.