കോട്ടയം : ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി എന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ എഐഎസ്‌എഫ് സംസ്ഥാന വനിതാ നേതാവിന്റെ പരാതി. ശരീരത്തില്‍ കടന്നുപിടിച്ചെന്നും മര്‍ദ്ദിച്ചെന്നും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് യുവതി കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കി.
എസ്‌എഫ്‌ഐയുടെ എറണാകുളം ജില്ലാ നേതാക്കളായ അമല്‍ സി എ, അര്‍ഷോ, പ്രജിത്ത് എന്നിവര്‍ക്കെതിരെയാണ് എഐഎസ്‌എഫ് സംസ്ഥാന കമ്മിറ്റി അംഗം പരാതി നല്‍കിയത്. മഹാത്മാഗാന്ധി സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
തെരഞ്ഞെടുപ്പില്‍ എസ്‌എഫ് ഐ പാനലിനെതിരെ എഐഎസ്‌എഫ് പാനല്‍ മത്സരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് വനിതാ നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പിന് എത്തിയ എഐഎസ്‌എഫ് നേതാക്കളെ ക്യാമ്പസിനുള്ളില്‍ വെച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
”ദേഹത്ത് കടന്ന് പിടിക്കുകയും വസ്ത്രം വലിച്ച് കീറാന്‍ ശ്രമിക്കുകയുമായിരുന്നു. കഴുത്തിലും മാറിലും കയറിപ്പിടിച്ചു. ശരീരത്തില്‍ പാടുകളുണ്ട്. നടുവില്‍ ചവിട്ടേറ്റു”. ആക്രമിച്ചവരില്‍ ഒരാള്‍ തന്റെ സഹപാഠിയായിരുന്നുവെന്നും യുവതി പറഞ്ഞു. ക്രൂരമായി മര്‍ദ്ദിക്കുകയും കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും ചെയ്തെന്ന് വനിതാനേതാവ് ആരോപിച്ചു .ആക്രമിച്ചവരുടെ കൂട്ടത്തില്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ പേഴ്‌സണല്‍ സ്റ്റാഫും ഉള്‍പ്പെട്ടിട്ടുണ്ടെന്നും എഐഎസ്‌എഫ് നേതാക്കള്‍ ആരോപിച്ചു. ആര്‍ ബിന്ദുവിന്റെ സ്റ്റാഫ് കെ എം അരുണിനെതിരെയാണ് ആരോപണം.