പത്തനംതിട്ട : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയെ വരവേല്‍ക്കാന്‍ മലയോര ജില്ല പൂര്‍ണ്ണ സജ്ജമായിക്കഴിഞ്ഞതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി തോമസ്, യു.ഡി.എഫ് കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ എന്നിവര്‍ പറഞ്ഞു.
ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്താലും ജനവഞ്ചനയാലും പൊറുതിമുട്ടിയ ജനാധിപത്യ വിശ്വാസികളുടെ ശക്തമായ മുന്നേറ്റം ജില്ലയിലുണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു. ഭരണപക്ഷത്തെ അഞ്ച് എം.എല്‍.എമാരും പ്രഹസന വികസനമാണ് കാട്ടിക്കൂട്ടിയതെന്നും ഫ്ലെക്സുകളിലും വാഗ്ദാനങ്ങളിലും വികസനം ഒതുക്കി മുന്‍ കാലഘട്ടങ്ങളില്‍ യു.ഡി.എഫ് നടപ്പിലാക്കിയ പദ്ധതികളുടെ അവകാശം ഉന്നയിക്കുന്ന ജുഗുപ്സാവഹമായ കാഴ്ചകളാണ് കാണുന്നതെന്നും ബാബു ജോര്‍ജ്ജ് ആരോപിച്ചു.
ശബരിമല നാമജപഘോഷയാത്രയില്‍ പങ്കെടുത്ത് വിശ്വാസ സംരക്ഷത്തിനുവേണ്ടി പോരാടിയവര്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പിന്‍വലിക്കുകയും വിശ്വാസ സംരക്ഷണത്തിന് ശക്തമായ നിയമം കൊണ്ടുവരികയും ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ സമീപനങ്ങളും ജാഥയില്‍ തുറുന്നുകാട്ടും. ജാഥക്ക് മുന്നോടിയായി നാളെ (ചൊവ്വ) എല്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും വിളമ്പര ജാഥകള്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
17 ന് രാവിലെ 8 മണിക്ക് തിരുവല്ലയില്‍ പൗരപ്രമുഖരും സാമൂഹ്യ-സാംസ്കാരിക നേതാക്കളുമായി പ്രാതല്‍ മീറ്റിംഗ്. മീറ്റിഗില്‍ വച്ച് യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിക്കേണ്ട വികസന പദ്ധതികളെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ സ്വികരിക്കും. തുടര്‍ന്ന് മാധ്യമങ്ങളെ കാണും. 10 മണിക്ക് വൈ.എം.സി.എ ജംഗ്ഷനില്‍ ജില്ലാതല സ്വീകരണ ഉദ്ഘാടനം നടക്കുമെന്ന് ജാഥാ കോ-ഓര്‍ഡിനേറ്റര്‍മാരായ അഡ്വ. എ. സുരേഷ് കുമാര്‍, അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ് എന്നിവര്‍ അറിയിച്ചു.
തുടര്‍ന്ന് വള്ളംകുളം-ഇരവിപേരൂര്‍-കുമ്പനാട്-പുല്ലാട്-മാരാമണ്‍-കോഴഞ്ചേരി കോളേജ് റോഡ്-വാഴക്കുന്നം-കീക്കൊഴൂര്‍-പേരൂച്ചാല്‍ പാലം പേട്ട വഴി റാന്നി ഇട്ടിയപ്പാറയില്‍ 11.30 ന് എത്തിച്ചേരും. സ്വീകരണയോഗത്തിനുശേഷം ഭക്ഷണം, വിശ്രമം. ഉച്ചക്ക് ശേഷം 3 മണിക്ക് ഉതിമൂട്-മണ്ണാരക്കുളഞ്ഞി-മേക്കൊഴൂര്‍- മൈലപ്രാ-കുമ്പഴ-വെട്ടൂര്‍-അട്ടച്ചാക്കല്‍ വഴി കോന്നിയില്‍ 4 മണിക്ക് പൊതുസമ്മേളനം.
കോന്നിയില്‍ നിന്ന് പ്രമാടം-പൂങ്കാവ്-വാഴമുട്ടം-വള്ളിക്കോട്-ചന്ദനപ്പള്ളി-കൊടുമണ്‍-ഏഴംകുളം-പറക്കോട് വഴി അടൂര്‍ കെ.എസ്.ആര്‍.ടി.സി കോര്‍ണറില്‍ 6 മണിക്ക് പൊതുസമ്മേളനം. തുടര്‍ന്ന് ആനന്ദപ്പള്ളി-തട്ട-കൈപ്പട്ടൂര്‍-ഓമല്ലൂര്‍-കോളേജ് റോഡ്- സെന്‍റ് പീറ്റേഴ്സ് ജംഗ്ഷന്‍ വഴി 7 മണിക്ക് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍റില്‍ സമാപനം നടക്കും.