റാന്നി: ഒരു ജനതയുടെ സ്വപ്നം തകര്‍ത്ത് തരിപ്പണമാക്കിയ സര്‍ക്കാരുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഐശ്വര്യ കേരള യാത്രയുടെ റാന്നി നിയോജകമണ്ഡലം സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ഭരിക്കുമ്പോള്‍ 600 കോടി രൂപയുടെ പെട്രോളിയം നികുതി വേണ്ടെന്നു വെച്ചു. നമ്മുടെ ധനമന്ത്രി അതിന് തയ്യാറല്ല. യു.ഡി.എഫ് വന്നാല്‍ ഇന്ധന നികുതി വേണ്ടെന്ന് വെക്കും. റബ്ബര്‍ ഉത്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഫണ്ട് 250 രൂപയാക്കും. കാര്‍ഷിക സാധനങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കും. യു.ഡി.എഫിന്റെ കാലത്ത് ഒരു കര്‍ഷക ആത്മഹത്യ പോലും നടക്കില്ല. പട്ടയം കൊടുക്കാത്ത സര്‍ക്കാരാണിത്. റാന്നിക്കാരെ ഡാമുകള്‍ തുറന്നു വിട്ട് പ്രളയത്തില്‍ മുക്കിയ സര്‍ക്കാരാണിത്. വ്യാപാരികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഇത്തരം നെറികേടിന് തെരഞ്ഞെടുപ്പിലൂടെ കേരള ജനത മറുപടി നല്‍കുമെന്നും വന്‍ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നേരത്തെ നിശ്ചയിച്ചതിലും രണ്ടര മണിക്കൂര്‍ വൈകിയാണ് ജാഥ ഇട്ടിയപ്പാറയിലെത്തിയത്. പതിനൊന്നിന് തുടങ്ങിയ യോഗത്തില്‍ ജാഥാ അംഗങ്ങളായ യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ എം.എം ഹസൻ, ഘടകകക്ഷി നേതാക്കളായ എം.കെ പ്രേമചന്ദ്രൻ എം.പി, എം.കെ മുനീർ, പി.ജെ ജോസഫ്, സി.പി. ജോൺ, ജി . ദേവരാജൻ, വി.ഡി. സതീശൻ എന്നിവരും ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ്, ജില്ലാ കൺവീനർ എ.ഷംസുദീൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ അബ്ദുൽ റഹ്മാൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് വർഗീസ്, കെ.ജയവര്‍മ്മ, റിങ്കു ചെറിയാന്‍, സതീഷ് കെ.പണിക്കര്‍, അഹമ്മദ് ഷാ, കാട്ടൂര്‍ അബ്ദുല്‍ സലാം, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, സമദ് മേപ്രത്ത്, സജി നെല്ലുവേലില്‍, അന്‍സാരി മന്ദിരം, പ്രകാശ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.